തിരുവനന്തപുരം : പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവിനു 15 വര്‍ഷം കഠിന തടവും രണേ്ടകാല്‍ ലക്ഷം രൂപ പിഴയും. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍ കോടതിയുടേതാണ് വിധി.കോട്ടൂര്‍ കാണി സെറ്റില്‍മെന്റ് കോളനിയില്‍ മല്ലന്‍ എന്നു വിളിക്കുന്ന രാജേന്ദ്രനെയാണ് കുറ്റക്കാരനെന്നു കണ്ട് കോടതി രണ്ടു വകുപ്പുകള്‍ പ്രകാരം പതിനഞ്ചു വര്‍ഷം കഠിന തടവിനു ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 363ാം വകുപ്പു പ്രകാരം തട്ടിക്കൊണ്ടു പോയ കുറ്റത്തിനു അഞ്ചു വര്‍ഷം കഠിന തടവിനും 25,000 രൂപ പിഴയും കോടതി വിധിച്ചു.
പിഴ ഒടുക്കിയില്ലെങ്കില്‍ ഒരുവര്‍ഷം കൂടുതല്‍ തടവനുഭവിക്കണം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനു ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 376ാം വകുപ്പു പ്രകാരം പത്തു വര്‍ഷം കഠിനതടവിനും രണ്ടു ലക്ഷം രൂപ പിഴ ഒടുക്കാനും പിഴ ഒടുക്കിയില്ലെങ്കില്‍ രണ്ടുവര്‍ഷം അധിക കഠിന തടവിനും കോടതി വിധിച്ചു. പ്രതി പിഴ സംഖ്യ ഒടുക്കിയാല്‍ ഈ രണ്ടു ലക്ഷം രൂപയും പീഡനത്തിനിരയായ പെണ്‍കുട്ടിക്കു നല്‍കാനും കൂടാതെ ലൈംഗിക പീഡനത്തിനിരയാകുന്ന പെണ്‍കുട്ടികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള സംസ്ഥാന ഫണ്ടില്‍ നിന്നും രണ്ടു ലക്ഷം രൂപകൂടി നഷ്ടപരിഹാരമായി നല്‍കാനും ജഡ്ജി കെ.പി. ഇന്ദിര വിധിച്ചു.
രണ്ടു കുറ്റങ്ങള്‍ക്കുമുള്ള ശിക്ഷ പ്രതി വെവേറെ കാലയളവില്‍ അനുഭവിക്കണമെന്ന് വിധിയില്‍ പ്രത്യേകം പറയുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പ്രോസിക്യൂട്ടര്‍ കോവളം സി. സുരേഷ് ചന്ദ്രകുമാര്‍ ഹാജരായി.