പദ്ധതികള്‍ ഏറെ; കുടിവെള്ളത്തിനായി കടുവാത്തോട്, ചെളിക്കുഴി മേഖലകളില്‍ ജനം നെട്ടോട്ടമോടുന്നു

pkd-kudivellamപത്തനാപുരം: പട്ടാഴി ഗ്രാമപഞ്ചായത്തിലെ പൂക്കുന്നിമലയില്‍ കോടികള്‍ ചിലവഴിച്ച് കുടിവെള്ള പദ്ധതി ട്രയല്‍ റണ്‍ നടത്തിയെങ്കിലും മേഖലയുടെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇനിയും കുടിവെള്ളമെത്തിയിട്ടില്ല.വേനല്‍ കടുത്തതോടെ മിക്കയിടങ്ങളിലും കിണറുകള്‍ വറ്റിവരണ്ടു. അനധികൃത കൈയേറ്റങ്ങള്‍ കാരണം തോടുകളും മറ്റ് ജലസ്രോതസൂകളും ഇല്ലാതെയായി.നിലവിലുള്ള ജലാശയങ്ങളും വറ്റിയ നിലയിലാണ്.കെഐപിയുടെ വലതുകര കനാലിന്റെ സബ് കനാലുകള്‍ ഉണ്ടെങ്കിലും കാടും മണ്ണും മൂടി വെള്ളമൊഴുകാത്ത നിലയിലാണ്.

മുന്‍കാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കിലും അധികൃത അനാസ്ഥയില്‍ ഇത്തവണ അതും നടന്നില്ല.ഗാര്‍ഹിക ആവശ്യങ്ങള്‍ക്കൊപ്പം കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള ജലവിതരണം കൂടി മുടങ്ങിയതോടെ പ്രദേശവാസികള്‍ ഏറെ ദുരിതത്തിലാണ്.വാഴ,വെറ്റില,പയര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികവിളകള്‍ ഉണങ്ങിക്കരിഞ്ഞ നിലയിലാണ്.

വേനല്‍കടുത്തതോടെചെളിക്കുഴി,കടുവാത്തോട്,മാലൂര്‍,കുന്നിട,വടകരപടി,വെട്ടിക്കവിള തുടങ്ങിയ മിക്ക പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായി.കുരിയോട്ടുമല,പൂക്കുന്നിമല കുടിവെള്ള പദ്ധതികള്‍ നടപ്പിലായെങ്കിലും പണം നല്കി കുടിവെള്ള കണക്ഷന്‍ എടുക്കാന്‍ ബുദ്ധിമുട്ടുകയാണ് മിക്ക കുടുംബങ്ങളും.പ്രധാന കവലകളിലും മറ്റും പൊതുടാപ്പുകള്‍ സ്ഥാപിക്കണമെന്നുള്ള ആവശ്യവും ശക്തമാണ്.മുന്‍കാലങ്ങളില്‍ടാങ്കറുകളില്‍കുടിവെള്ളമെത്തിച്ചിരുന്നു.ജലലഭ്യതയ്ക്കായി അധികൃതര്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Related posts