കാലടി: മലയാറ്റൂര്‍ പന്തയ്ക്കല്‍ പാടശേഖരത്തില്‍ വെള്ളമില്ലാത്തതിനാല്‍ കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ ആശങ്കയില്‍. മുന്‍കാലങ്ങളില്‍ മൂന്ന് പൂവും കൃഷി ചെയ്തിരുന്ന പാടശേഖരമാണ് ഇത്. കഴിഞ്ഞമാസം ആദ്യവാരത്തില്‍ കൃഷിയിറക്കേണ്ടതായിരുന്നു. എന്നാല്‍ ഒരു മാസം വൈകിയിട്ടും ഇതുവരെ കൃഷിയിറക്കാന്‍ സാധിച്ചിട്ടില്ല. മലയാറ്റൂര്‍ ഒന്നാം നമ്പര്‍ ഇറിഗേഷനില്‍ നിന്നാണ് ഈ പാടശേഖരത്തേക്കു വെള്ളം പമ്പ് ചെയ്യുന്നത്. ഓരോ വര്‍ഷവും ലക്ഷങ്ങള്‍ ചെലവഴിച്ചാണ് അറ്റകുറ്റപണികള്‍ നടത്തുന്നത്.
എന്നാല്‍ പണം ചെലവഴിക്കുന്നതല്ലാതെ കൃഷിക്കാര്‍ക്ക് ആവശ്യസമയങ്ങളില്‍ വെള്ളം ലഭിക്കാറില്ലെന്നാണു കര്‍ഷകര്‍ പറയുന്നത്. ഇതെല്ലാം മറികടന്ന് കൃഷി ഇറക്കിയാല്‍തന്നെ കൊയ്ത്തിനു പാകമാകുമ്പോള്‍ വിളവെടുക്കുന്നതിന് കൊയ്ത്തുമെതിയന്ത്രം കിട്ടാനില്ലാത്ത അവസ്ഥയാണ്. സ്വകാര്യ വ്യക്തികള്‍ കൊയ്ത്തുമെതിയന്ത്രം കൊണ്ടുവരുമ്പോഴേക്കും വിളവെടുപ്പുസമയം കഴിയും. പലപ്പോഴും കാറ്റും മഴയും മൂലം വിളവ് നശിക്കുകയും ചെയ്യുന്നു. കൃഷിസംബന്ധമായ മേഖലയില്‍ നിന്ന് തൊഴിലുറപ്പുകാരെ നീക്കിയതുകൊണ്ട് പാടശേഖരത്തില്‍ പണിക്ക് ആളെ കിട്ടാന്‍ ഇല്ലാത്ത അവസ്ഥയാണ്.
മണപ്പാട്ടുചിറയിലെ വലതുകര കനാലിലൂടെ വരുന്ന വെള്ളം മലയാറ്റൂര്‍ ഒന്നാം നമ്പര്‍ ഇറിഗേഷന്‍ കനാലുമായി ബന്ധിപ്പിമച്ചാല്, ചിറ പാടശേഖരത്തില്‍ നിന്നും വളരെ ഉയര്‍ന്ന് നില്ക്കുന്നതിനാല് ഇറിഗേഷന്റെ പമ്പിംഗിനെ ആശ്രയിക്കാതെ തന്നെ ഈപാടശേഖരത്തേക്ക് ദിവസവും വെള്ളം ലഭിക്കും. മണപ്പാട്ടുചിറ വലതുകര കനാലിലെ വെള്ളം മലയാറ്റൂര്‍ ഒന്നാം നമ്പര്‍ കനാലുമായി ബന്ധിപ്പിച്ച് പന്തയ്ക്കല്‍ പാടശേഖരത്തേക്ക് വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മുന്‍ പഞ്ചായത്ത് അംഗവും ജനാധിപത്യ കേരള കോണ്‍ഗ്രസ് മണ്ഡലം കണ്‍വീനറുമായ ടി.ഡി.സ്റ്റീഫന്‍, മണ്ഡലം പ്രസിഡന്റ് നെല്‍സണ്‍ മാടവന, തങ്കച്ചന് ആലപ്പാടന്‍, പൗളിന് കൊറ്റമം, എം.പി. രാജു, സെബാസ്റ്റ്യന്‍ ഇലവുങ്കല്‍, ഡെന്നീസ് കന്നപ്പിള്ളി , പൗലോസ് പനേലി, വിഷ്ണു വള്ളിയാംകുളം എന്നിവര്‍ ആവശ്യപ്പെട്ടു.