പയ്യന്നൂര്‍: കോണ്‍ഗ്രസ് അനുകൂല അധ്യാപക സംഘടനാ പ്രവര്‍ത്തകരായ കോളജ് അധ്യാപകരുടെ കാറുകള്‍ കത്തിച്ചു. പയ്യന്നൂര്‍ കോളജിലെ മലയാളം വിഭാഗം അധ്യാപിക ഡോ. പി. പ്രജിത, ഹിന്ദി വിഭാഗം തലവന്‍ കെ.വി. ഉണ്ണികൃഷ്ണന്‍ എന്നിവരുടെ കാറുകളാണ് കത്തിച്ചത്. പയ്യന്നൂര്‍ തായിനേരി മുച്ചിലോട്ട് ക്ഷേത്രത്തിനു സമീപത്താണ് രണ്ടുസംഭവങ്ങളും സമാനമായ രീതിയില്‍ നടന്നത്.
കണ്ടോത്ത് താമസിക്കുന്ന പ്രജിത പിതാവും മുന്‍ പയ്യന്നൂര്‍ കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ പി.വി. കൃഷ്ണന്റെ വീട്ടിലേക്കു കഴിഞ്ഞദിവസം എത്തിയിതായിരുന്നു. പുലര്‍ച്ചെ 2.15 ഓടെ ജനല്‍ ചില്ലുകള്‍ പൊട്ടുന്ന ശബ്ദംകേട്ട് പ്രജിതയുടെ മാതാവ് തമ്പായി എഴുന്നേറ്റു നോക്കുമ്പോള്‍ മുറ്റത്ത് കാര്‍ കത്തുന്നതാണ് കണ്ടത്. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന കുട്ടികളുടെ രണ്ട് സൈക്കളുകളും കത്തിനശിച്ചു. കത്തിച്ച കെഎല്‍ 59 ഡി 311 നമ്പര്‍ കാര്‍ മുമ്പ് പ്രജിതയുടെ കണ്ടോത്തെ വീട്ടില്‍ വച്ചും അക്രമിക്കപ്പെട്ടിരുന്നു. അന്ന് കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തിരുന്നു.
തായിനേരി അന്നൂര്‍ റോഡിന്റെ പടിഞ്ഞാറു ഭാഗത്ത് താമസിക്കുന്ന പ്രഫ. ഉണ്ണികൃഷ്ണന്റെ വീടിന്റെ കാര്‍ഷെഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎല്‍ 59 സി 8902 കാറാണ് കത്തിച്ചത്. പുലര്‍ച്ചെയായിരുന്നു സംഭവം. അയല്‍വാസിയായ സുരേശനാണ് കാറ് കത്തുന്ന വിവരം വീട്ടുകാരെ അറിയിക്കുന്നത്. ഫയര്‍ഫോഴ്‌സെത്തി തീയണച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ കെപിസിടിഎ പ്രവര്‍ത്തകരാണ് ഇരുവരും. പയ്യന്നൂര്‍ പോലീസ് സംഭവസ്ഥലത്തെത്തി.