പരപ്പനങ്ങാടി: മൂന്നു ദിവസം മുമ്പ് പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന് പരിസരത്തുവച്ചു കഴുത്തില്‍ കത്തി വച്ച് ഇരുപതിനായിരതോളം രൂപ കവര്‍ന്ന സംഘത്തെ ആയുധങ്ങള്‍ സഹിതം എസ്ഐ കെ.ജെ ജിനേഷ് തന്ത്രപൂര്‍വം അറസ്റ്റ് ചെയ്തു. വിവേക് കോട്ടത്തറ (24), അബാസ് തിരുന്നാവായ (21)റഫീഖ് പരപ്പനങ്ങാടി (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പരപ്പനങ്ങാടി ചുടലപറമ്പ് സ്വദേശിയും വ്യാപാരിയുമായ അബ്ദുള്‍ ലത്തീഫിന്റെ കൈയില്‍ നിന്നു രാത്രി ടോള്‍ ബൂത്തിന്റെ സമീപത്തുവച്ച് കട അടച്ചു പോകുമ്പോള്‍ കത്തി കഴുത്തില്‍ വച്ച് സംഘം 20000 രൂപയും മൈബൈലും കവര്‍ന്നിരുന്നു. പിന്നീട് തീവണ്ടി യാത്രക്കാരനെയും സംഘം ആക്രമിച്ചതിനെ തുടര്‍ന്നാണ് പോലീസ് അന്വേഷണം ശക്തമാക്കിയത്. ആക്രമത്തിനിരയായ ലത്തീഫ് നല്കിയ രൂപ സാദൃശ്യമുള്ളയാളെ കണ്ടത്തിയതാണ് പ്രതികളെ പിടികൂടാന്‍ സഹായിച്ചത്.
മുങ്ങാത്തുംതറയിലുളള സംഘത്തിലെ ഒരാള്‍ ഒളിവിലാണ്. ലഹരി പദാര്‍ഥങ്ങള്‍ വാങ്ങുന്നതിനു വേണ്ടിയുളള പണം സ്വരൂപിക്കാനാണ് ഇവര്‍ പ്രധാനമായും കവര്‍ച്ച നടത്തുന്നതെന്നു പോലീസ് പറഞ്ഞു. ഇവരുടെ കൈയില്‍ നിന്നു കത്തിയും പിടികൂടി. അന്വേഷണ സംഘത്തില്‍ അഡീഷണല്‍ എഎസ്ഐമാരായ സുബ്രഹ്മണ്യന്, സുരേന്ദ്രന്, പിസിഒമാരായ ജയദേവന്, റോബര്‍ട്ട്, സുജേഷ് റോമിയോ എന്നിവരും ഉണ്ടായിരുന്നു.