വൈപ്പിന്‍: മത്സ്യബന്ധന ബോട്ടുകളുടെ ചെറുമത്സ്യ വേട്ടക്കെതിരെ സമരരംഗത്തുള്ള പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ വന്‍ തോതില്‍ മത്സ്യകുഞ്ഞുങ്ങള്‍ പിടികൂടി കരയിലെത്തിക്കുന്നു വെന്ന് മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ പരാതിപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി തിരിയാന്‍ എന്ന മത്സ്യത്തിന്റെ പൊടിക്കുഞ്ഞുങ്ങളെയാണ് വള്ളക്കാര്‍ കോരി കരയിലെത്തിക്കുന്നതത്രേ. മുനമ്പം ഹാര്‍ബറിലാണ് കൂടുതലും എത്തുന്നത്.
വലുതായാല്‍ ഹാര്‍ബറുകളില്‍ കിലോവിനു 40 മുതല്‍ 70 രൂപ വരെ വില വരുന്ന തിരിയാന്റെ കുഞ്ഞുങ്ങളെ ഇപ്പോള്‍ കിലോവിനു പത്തും ,പതിനഞ്ചും രൂപക്കാണ് വില്‍ക്കുന്നത്. മത്സ്യതീറ്റയും മത്സ്യവളവും ഉണ്ടാക്കാനായി അന്യസംസ്ഥാനങ്ങളിലക്ക് കയറ്റി അയക്കാനാണ് കച്ചവടക്കാര്‍ ഇത് വാങ്ങുന്നത്. കഴിഞ്ഞ മാസം മത്സ്യബന്ധന ബോട്ടുകള്‍ പെലാജിക് ട്രോളിംഗ് നടത്തി മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടുന്നതിനെതിരെ പരമ്പരാഗത മത്സ്യബന്ധന വള്ളക്കാര്‍ കടലില്‍ നിന്നും രണ്ട് മത്സ്യബന്ധന ബോട്ടുകളെ വളഞ്ഞ് പിടികൂടി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിനു കൈമാറുകയും കേസെടുക്കുകയും ചെയതിരുന്നു.
മാത്രമല്ല ചെറുമത്സ്യവേട്ടക്കെതിരെ ഈ മാസം 27 നു പരമ്പരാഗത മത്സ്യതൊഴിലാളി യൂണിയന്‍ കടല്‍ ബന്ദ് വരെ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇവര്‍ തന്നെ ചെറുമത്സ്യവേട്ട നടത്തുന്നതെന്ന് മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ ചൂണ്ടിക്കാട്ടി.