പരവൂര്‍: നഗരഹൃദയമായ നാലുമുക്ക് ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റ് പൂര്‍ണമായും കത്താത്തത് ഇതുവഴി പോകുന്ന വാഹനയാത്രികരെയും നാട്ടുകാരെയും വ്യാപാരികളെയും ഏറെ ബുദ്ധിമുട്ടിക്കുന്നു. കൂറ്റന്‍ ടവറിലാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. ഇതില്‍ ആറ് ബള്‍ബുകളാണ് ഉള്ളതെങ്കിലും ഒരെണ്ണം മാത്രമാണ് പ്രകാശിക്കുന്നത്. ഇതില്‍ നിന്ന് കാര്യമായ വെളിച്ചം ലഭിക്കുന്നുമില്ല.ഇതുകാരണം സന്ധ്യകഴിഞ്ഞാല്‍ ടൗണിന്റെ പ്രധാനഭാഗം ഇരുട്ടിലാകുകയാണ്. രാത്രി ഏതെങ്കിലും കാരണത്താല്‍ ടൗണിലെ വൈദ്യുതിബന്ധം കൂടി വിഛേദിക്കപ്പെടുള്ള അവസ്ഥ പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.
സമീപത്തെ ഓട്ടോറിക്ഷ സ്റ്റാന്റിലെ ഡ്രൈവര്‍മാരെയും ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ലൈറ്റ് കത്താത്തത് ഏറ്റവും വലിയ ദുരിതം അനുഭവിക്കുന്നത് പുലര്‍ച്ചെ പത്രക്കെട്ടുകള്‍ എടുക്കാനെത്തുന്ന ഏജന്റുമാരും വിതരണക്കാരുമാണ്.അക്ഷരാര്‍ഥത്തില്‍ ഇവര്‍ എല്ലാ ദിവസവും ഇരുട്ടില്‍ തപ്പുകയാണ്. കാലാവസ്ഥ പ്രതികൂലമായാല്‍ ഏജന്റുമാര്‍ കുഴഞ്ഞതുതന്നെ. തെരുവ്‌നായ് ശല്യവും രൂക്ഷമാണ്.
പ്രാണഭയത്തോടെയാണ് പുലര്‍ച്ചെ ഏജന്റുമാര്‍ പത്രക്കെട്ടുകള്‍ എടുക്കാന്‍ എത്തുന്നത്. ഹൈമാസ്റ്റ് ലൈറ്റ് നേരത്തെയും തകരാറിലായിരുന്നു. അടുത്തിടെയാണ് ഇത് പരിഹരിച്ച് പ്രവര്‍ത്തനക്ഷമമാക്കിയത്. ഇപ്പോള്‍ വീണ്ടും പഴയപടിയായി. ലൈറ്റ് അടിയന്തിരമായി പൂര്‍ണമായും പ്രകാശിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.