വരാന്‍ പോകുന്ന പരീക്ഷയെക്കുറിച്ച് എനിക്ക് ശുഭാപ്തി വിശ്വാസം ഉണ്ട് എന്ന ചിന്ത മനസില്‍ നിറയ്ക്കുക. പരീക്ഷ എത്ര വിഷമമുള്ളതാണെങ്കിലും നന്നായി എഴുതാന്‍ സാധിക്കുമെന്നു വിശ്വസിക്കുക,ഇത് ഒരു പരീക്ഷ മാത്രം, ഞാന്‍ ശിക്ഷിക്കപ്പെടാനോ മരിക്കാനോ പോകുന്നില്ല എന്ന് ഓര്‍ക്കുക.എന്റെ അറിവുകള്‍ പരിശോധിക്കാനുള്ള ഒരു അവസരം മാത്രമാണ് ഓരോ പരീക്ഷകള്‍.
പരീക്ഷാ താളുകളിലെ എ പ്ലസുകളേക്കാള് ജീവിത താളുകളിലെ എ പ്ലസുകള്ക്കാണു പ്രാധാന്യം എന്ന ചിന്ത അധ്യാപകരും മാതാപിതാക്കളും കുട്ടികളില്‍ ഊട്ടിയുറപ്പിക്കുക. സ്വയം പ്രോത്സാഹിപ്പിക്കുന്ന (Self encouragement) ടെക്നിക്കുകള്‍ ഉപയോഗിക്കുക.
പരീക്ഷാദിനങ്ങളില്‍ വിജയം മാത്രം മുന്നില്‍ കാണുക. തോല്‍വിയെക്കുറിച്ചു ചിന്തിച്ചു മാനസിക സമ്മര്‍ദം ഉണ്ടാക്കാതിരിക്കുക.
പോസിറ്റീവ് ചിന്തകള്‍കൊണ്ട് മനസ് നിറയ്ക്കുക. കൂട്ടുകാരോട് അവരുടെ പരീക്ഷാ തയാറെടുപ്പിനെക്കുറിച്ച് ചോദിച്ച് ആകുലത ക്ഷണിച്ചുവരുത്തരുത്. നിങ്ങളുടെ കൂട്ടുകാര്‍ കൂടുതല്‍ ടെന്‍ഷനിലാണെങ്കില്‍ അതു നിങ്ങളെയും സ്വാധീനിക്കാം. അതിനാല്‍ പരീക്ഷാദിനങ്ങളില്‍ ഇക്കാര്യങ്ങള്‍ കൂടുതല്‍ ചര്‍ച്ചചെയ്യാതിരിക്കുക. പരീക്ഷയില്‍ തോറ്റാലും ആരും എന്നെ ജയിലിലടയ്ക്കില്ല എന്നു ചിന്തിക്കുക.
പരീക്ഷകള്‍ ജീവിതത്തിന്റെയും സ്കൂള്‍ ജീവിതത്തിന്റെയും കോളജ് ജീവിതത്തിന്റെയും ഭാഗമാണെന്നു ചിന്തിക്കുക.നല്ല പഠനശീലങ്ങള്‍ വളര്‍ത്തിയെടുക്കുക. ദിവസവും പഠിക്കുന്ന ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക. എല്ലാം സര്‍വശക്തനായ ദൈവത്തില്‍ സമര്‍പ്പിക്കുക.
മറ്റുള്ളവരോട് അല്ല മത്സരിക്കേണ്ടത്, നിങ്ങളോടു തന്നെ മത്സരിക്കുക.അങ്ങനെ ബൗദ്ധികതയും ധാര്‍മ്മികതയും ആത്മീയതയും സാമൂഹ്യ പ്രതിബദ്ധതയും സമന്വയിക്കുന്നതാണു വിദ്യാഭ്യാസം എന്ന തിരിച്ചറിവ് വളര്‍ത്തിയെടുക്കുക.പഠനത്തെപ്പറ്റിയുള്ള ആകുലതയല്ല മറിച്ച് ജ്ഞാനം മഹത്വമാണെന്ന ചിന്ത ഊട്ടിയുറപ്പിക്കുക.
വിദ്യാഭ്യാസത്തിലൂടെ മാനവകുലത്തെ നവീകരിക്കുകയാണു ചെയ്യേണ്ടത്. വിദ്യാഭ്യാസം ഇളംതലമുറയുടെ സാമൂഹ്യവത്കരണമാവണം. സാമൂഹ്യമാറ്റത്തിനുള്ള ചാലക ശക്തിയും ഉത്പ്രേരകവുമായി ഇതു മാറണം. അല്ലാതെ ഇളംതലമുറയെ മാനസിക സമ്മര്‍ദത്തിലും ആകുലതയിലും തളച്ചിടുന്നതാവരുത്. ഉയര്‍ന്ന മാര്‍ക്കും ഭദ്രമായ ജോലിയും മാത്രമാകരുത് ലക്ഷ്യം.
ഡോ.റോസ ഔസേപ്പ് മുന്‍ ഡയറക്ടര്‍. കണ്ണൂര്‍ യൂണിവേഴ്സിറ്റി എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്.