സ്വന്തം ലേഖകന്‍
തൃശൂര്‍: തോരണം പോലെ ഒന്നൊന്നായി ചരടില്‍ കൊരുത്തിട്ടിരിക്കുന്ന കൊടികള്‍ കണ്ടാല്‍ ഇത്രയധികം രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ നാട്ടിലുണ്ടോയെന്ന് അതിശയിച്ചുപോകും. എരിഞ്ഞേരി അങ്ങാടിയിലെ കേരള ഫാന്‍സി സ്റ്റോറിലാണു തെരഞ്ഞെടുപ്പിനു മുന്നോടിയായി നാല്‍പ്പതിലധികം പാര്‍ട്ടികളുടെ കൊടികള്‍ വില്പനയ്ക്കു വച്ചിരിക്കുന്നത്. കമ്യൂണിസ്റ്റുകാരുടെ ചെങ്കൊടി മുതല്‍ അടുത്തിടെ മാത്രം രൂപംകൊണ്ട വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിന്റെ പതാക വരെ ഇവിടെയുണ്ട്.
കടയുടെ ഒരു വശത്ത് അമ്പതു മീറ്റര്‍ നീളത്തില്‍ കെട്ടിയ കയറിലാണു കൊടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഇതില്‍ ഏതെങ്കിലും പാര്‍ട്ടിയുടെ കൊടി പ്രദര്‍ശിപ്പിക്കാന്‍ വിട്ടുപോയെങ്കില്‍ ഖേദ പ്രകടനം നടത്തുന്ന കടയുടമ ആര്‍.എച്ച്. ജമാല്‍, കൊടിയുടെ മാതൃകയുമായി വന്നാല്‍ ഒറ്റദിവസംകൊണ്ട് ആവശ്യമുള്ളത്ര കൊടി നിര്‍മിച്ചു നല്‍കാമെന്ന ഉറപ്പും നല്‍കുന്നുണ്ട്.
വലിപ്പം അനുസരിച്ചാണു കൊടികളുടെ വില. ഇതു 30 രൂപ മുതല്‍ തുടങ്ങുന്നു. ഉത്സവനാളുകളില്‍ ക്ഷേത്രങ്ങളില്‍ തൂക്കുന്ന പ്രത്യേകതരം കൊടികളുടെ രൂപത്തില്‍ നേതാക്കളുടെ ചിത്രങ്ങളും ചിഹ്നങ്ങളും ആലേഖനം ചെയ്തുള്ള അമ്പലക്കൊടികള്‍ (കൊടിക്കൂറ) ഇത്തവണയും തയാറാക്കിയിട്ടുണ്ട്.
കഴിഞ്ഞദിവസം എറണാകുളത്തുനിന്നു പിഡിപിയുടെ അണികള്‍വന്നു കൊടികള്‍ വാങ്ങിയ കാര്യം കടയുടമ പറഞ്ഞു. ഇലക് ഷനില്‍ മത്സരിക്കാത്ത പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും കൊടികള്‍ പോലും തെരഞ്ഞെടുപ്പു കാലത്തു വിറ്റുപോകുന്നുണ്ടത്രേ.
തെരഞ്ഞെടുപ്പു വിപണി ഈ കൊടികളില്‍ ഒതുതുങ്ങുന്നില്ലെന്നതു വേറെ കാര്യം. പ്രചാരണ ചൂടിനൊപ്പം വെയിലിനും ചൂടേറിയതോടെ വലഞ്ഞുപോകുന്ന അണികള്‍ വിഷമിക്കേണ്ട. വീശിത്തണുക്കാന്‍ പാര്‍ട്ടി ചിഹ്നം പതിച്ച വിശറിയും ഇവിടെ വന്നാല്‍ വാങ്ങാം.
വെയിലിനെ ചെറുക്കാന്‍ ഇഷ്ട കക്ഷിയുടെ തൊപ്പി, സണ്‍ഗാര്‍ഡ് തുടങ്ങിയവയും ലഭ്യമാണ്. പ്രചാരണ ഗോദയില്‍ ജഴ്‌സിയായി അണിയാന്‍ പ്രിയ നേതാവിന്റെ കളര്‍ഫോട്ടോ പ്രിന്റ് ചെയ്ത ടീഷര്‍ട്ടും റെഡി. നരേന്ദ്ര മോദി, എകെജി, വിഎസ്, രാഹുല്‍ഗാന്ധി തുടങ്ങിയവരൊക്കെ ടീ ഷര്‍ട്ടുകളിലിരുന്നു ചിരിക്കുന്നു. പ്രചാരണത്തിനു ഒഴിച്ചുകൂടാനാവത്ത അരങ്ങുകള്‍ പത്തു മീറ്റര്‍ വീതമുള്ള സെറ്റുകളായാണു വില്‍ക്കുന്നത്. പത്തു മീറ്ററിനു 42 രൂപ മുതലാണു വില.
ചിഹ്നങ്ങള്‍ പതിച്ച ബലൂണുകള്‍, കീ ചെയിനുകള്‍, ബാഡ്ജുകള്‍, ഷാളുകള്‍ തുടങ്ങി തെരഞ്ഞെടുപ്പ് വിപണിയിലെ ഐറ്റങ്ങളുടെ നിര നീളുകയാണ്.