പാര്‍ട്ടി സഖാക്കളുടെ ഇടനെഞ്ചില്‍ വെടിവച്ചു കൊന്നവന്റെ മകന് അഴീക്കോട് വിട്ടുതരില്ല! അഴീക്കോട് മണ്ഡലത്തില്‍ നികേഷ് കുമാറിനെതിരേ പോസ്റ്ററുകള്‍

nikeshകണ്ണൂര്‍: അഴീക്കോട് മണ്ഡലത്തില്‍ ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാന്‍ സിപിഎം ശ്രമിക്കുന്ന മാധ്യമപ്രവര്‍ത്തകനും എം.വി. രാഘവന്റെ മകനുമായ നികേഷ്കുമാറിനെതിരേ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പൂതപ്പാറ, വന്‍കുളത്ത് വയല്‍, ഓലാടത്താഴ, മീന്‍കുന്ന് റോഡ് എന്നിവിടങ്ങളിലാണ് സേവ് മാര്‍ക്‌സിസ്റ്റ് ഫോറം എന്ന പേരില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്.

അഴീക്കോട് നികേഷ് കുമാറിന്റെ സ്ഥാനാര്‍ഥിത്വം കൂത്തുപറമ്പ് രക്തസാക്ഷികളോടുള്ള വെല്ലുവിളി ! പാര്‍ട്ടി സഖാക്കളുടെ ഇടനെഞ്ചില്‍ വെടിവച്ചു കൊന്നവന്റെ മകന് അഴീക്കോട് വിട്ടുതരില്ല! ഏതു രക്തസാക്ഷി? ഏതു കൂത്തുപറമ്പ് വെടിവയ്പ്? സ്വന്തം സഖാക്കളെ കൊന്നവന്റെ മകനെ പിടിച്ചു സ്ഥാനാര്‍ഥിയാക്കാന്‍ നാണമില്ലെടോ പിണറായി വിജയാ സഖാവേ… കൂത്തുപറമ്പ് രക്തസാക്ഷികളെ..

ഇല്ല നിങ്ങള്‍ മരിക്കുന്നില്ല. ജീവിക്കുന്നു കൊന്നവരിലൂടെ.. തുടങ്ങിയ വാചകങ്ങളാണു പോസ്റ്ററിലുള്ളത്.നേരത്തെ സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായിരുന്ന അഴീക്കോട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ കെ.എം. ഷാജി 493 വോട്ടിനാണു വിജയിച്ചത്. ചെറിയ ഭൂരിപക്ഷത്തിനു നഷ്ടപ്പെട്ട മണ്ഡലം തിരിച്ചുപിടിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും എംവിആറിന്റെ മകനുമായ നികേഷ് കുമാറിനെ മത്സരിപ്പിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നത്.

സിഎംപി-അരവിന്ദാക്ഷന്‍ വിഭാഗവും ഐഎന്‍എലും അഴീക്കോട് സീറ്റ് ആവശ്യപ്പെട്ടിരുന്നു. അരവിന്ദാക്ഷന്‍ വിഭാഗത്തിലെ അംഗമാണ് നികേഷ് കുമാര്‍. എന്നാല്‍ അരവിന്ദാക്ഷന്‍ വിഭാഗത്തിന് അഴീക്കോട് സീറ്റ് കൊടുത്താലും പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാതെ ഇടതുസ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് സിപിഎം നീക്കം. നികേഷ് കുമാറിനെതിരേ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് ഈ നീക്കത്തിനുള്ള തിരിച്ചടിയാണ്.

Related posts