പാലിയേക്കര: ടോള്‍ പാതയുടെ അടച്ചുകെട്ടിയ സമാന്തരപാത തുറക്കണമെന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. റോഡിലിരുന്ന് പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ടോള്‍ കമ്പനി അടച്ചുകെട്ടിയ സമാന്തരപാത തുറക്കാനുള്ള ജില്ലാ കളക്ടറുടെ നിര്‍ദേശം പൊതുമരാമത്ത് വകുപ്പ് മാനിക്കുന്നില്ലെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
തലോരില്നിന്ന് പ്രകടനമായെത്തിയ പ്രതിഷേധക്കാരെ സമാന്തര പാതയില്‍വച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. സി.ആര്. നീലകണ്ഠന്, ജോയ് കൈതാരത്ത് എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ചാലക്കുടി ഡിവൈഎസ്പി പി. വാഹിദ് സമരക്കാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ സമരക്കാര്‍ പിരിഞ്ഞു പോകാന്‍ തയാറായില്ല. റോഡില്‍ ഗതാഗതം തടസപ്പെടുത്താതെയായിരുന്നു ധര്‍ണ.
എന്നാല്‍ പോലീസ് സമാന്തരപാതയില്‍ വാഹനഗതാഗതം തടഞ്ഞിരുന്നു. കളക്ടറെ ബന്ധപ്പെടണമെന്നു സമരക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പോലീസ് വഴങ്ങിയില്ല. ഉത്തരവിന്റെ പകര്‍പ്പുകള്‍ കാണിച്ച പ്രവര്‍ത്തകര്‍ റോഡ് തുറക്കാനനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് മറ്റു നിര്‍ദേശങ്ങളൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു. തുടര്‍ന്ന് 7.30 ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി. പുതുക്കാട് സ്റ്റേഷനിലെത്തിച്ച പ്രവര്‍ത്തകരെ കേസെടുത്തശേഷം ജാമ്യത്തില്‍ വിട്ടു. നൂറോളം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തു.