കണ്ണൂര്‍: ജനങ്ങള്‍ക്കു നീതി ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി സഞ്ജയ്കുമാര്‍ ഗുര്‍ദീന്‍. ക്രമസമാധാനം സംരക്ഷിക്കുന്നതിനാണു പ്രഥമ പരിഗണന. പ്രലോഭനങ്ങള്‍ക്കു വഴങ്ങാതെ സത്യസന്ധമായും കൃത്യമായും പ്രവര്‍ത്തിക്കും. സ്ത്രീകളുടേയും കുട്ടികളുടേയും സംരക്ഷണത്തിനു മുന്തിയ പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റതിനുശേഷം രാഷ്ട്രദീപികയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഉച്ചകഴിഞ്ഞു ജില്ലയിലെ സിഐമുതല്‍ മുകളിലുള്ള ഉദ്യോഗസ്ഥന്‍മാരുടെ യോഗം ചേരുന്നുണ്ട്. കണ്ണൂരിന്റെ പ്രധാന പ്രശ്‌നങ്ങളെന്താണെന്ന് അവരില്‍നിന്നു മനസിലാക്കിയതിനു ശേഷം നടപടിയെടുക്കും. കണ്ണൂരിലെ അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ അടിയന്തിരമായി ഇടപെടും. ഇന്നു രാവിലെ 9.15ന് എസ്പിയായി ചുമതലയേറ്റ അദ്ദേഹത്തെ നിലവിലെ എസ്പി ഹരിശങ്കറാണ് സ്വീകരിച്ചത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
ഹെഡ്ക്വാര്‍ട്ടേഴ്‌സ് എസ്പി സ്ഥാനത്തുനിന്നാണു സഞ്ജയ്കുമാര്‍ കണ്ണൂരിലെത്തിയത്. 2005 ബാച്ച് ഐപിഎസുകാരനായ ഇദ്ദേഹം കേന്ദ്രത്തില്‍ ഡപ്യൂട്ടേഷനിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈബര്‍ കുറ്റാന്വേഷണത്തിലും ബോധവത്കരണ പരിപാടികളിലും വൈദഗ്ധ്യമുണ്ട്. ഹരിശങ്കറിനു പത്തനംതിട്ട എസ്പിയായാണു മാറ്റം.