വൈപ്പിന്‍: പോലീസിന്റെയും എക്സൈസിന്റെയും അനാസ്ഥമൂലം പുതുവൈപ്പ് മയക്ക് മരുന്ന് മാഫിയകളുടെ താവളമായി മാറുകയാണെന്ന് സ്ഥലവാസികള്‍ പരാതിപ്പെട്ടു. ഇവിടം കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ്, മയക്ക് മരുന്ന്, അനധികൃത മദ്യവില്പന എന്നിവ നടന്നിട്ടും പോലീസോ എക്സൈസോ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് സ്ഥലവാസികള്‍ പറയുന്നത്.പടിഞ്ഞാറന്‍ മേഖലയില്‍ കാടുകയറിക്കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ ആള്‍പ്പാര്‍പ്പില്ലാത്ത ഭൂമികളിലും മറ്റും തമ്പടിച്ചാണ് ഇവയുടെ വില്പനയും കൈമാറ്റവുമത്രേ. പല മേഖലയില്‍ നിന്നുള്ള ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇതില്‍ യുവാക്കളാണ് കൂടുതല്‍. ഇവരില്‍ സാധനം സ്ഥലത്തെത്തിക്കുന്ന മൊത്തക്കച്ചവടക്കാരും ഉപയോഗത്തിനായി സാധനം വാങ്ങാനെത്തുന്നവരും ചില്ലറ വില്പനക്കാരും ഉള്‍പ്പെടും.
പുതുവൈപ്പ് ലൈറ്റ് ഹൗസ് റോഡ് പരിസരത്താണ് മയക്ക് മരുന്ന് മാഫിയകളുടെ വിളയാട്ടം. സ്ഥലവാസികളിലെ സാമൂഹ്യ വിരുദ്ധരാണ് ഇവക്കെല്ലാം മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്ത്രീകള്‍ക്കും മറ്റും വഴി നടക്കാനും വയ്യാത്ത അവസ്ഥയുണ്ടത്രേ. സാമൂഹ്യ വിരുദ്ധരെ ഭയന്ന് ആരും പരാതിപ്പെടാറില്ല. പോലീസ്, എക്സൈസ് നീക്കങ്ങള്‍ ഇവര്‍ക്ക് അപ്പപ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. ഇതുമൂലമാണ് വൈപ്പിന്‍ കരയില്‍ ഇത്രയും വലിയ മയക്ക് മരുന്ന് വ്യാപാരവും ഉപയോഗവും നടന്നിട്ടും ഈ അടുത്ത കാലത്തായി ഇവിടെ നിന്നും ഒരു പൊതി കഞ്ചാവു പോലും പിടികൂടാന്‍ പോലീസിനോ എക്സൈസിനോ കഴിയാതെ വന്നതെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു.
മദ്യവും മയക്കു മരുന്നും ഉപയോഗിക്കുന്നവര്‍ തമ്മിലുളള വാക്കേറ്റത്തെ തുടര്‍ന്നാണ് ഇക്കഴിഞ്ഞ ദിവസം ഈ ഭാഗത്ത് ഒരു കൊലപാതകം അരങ്ങേറിയത്. സഹികെട്ട നാട്ടുകാര്‍ അടുത്തമാസം രണ്ടിന് പൗരസമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കാനുള്ള തയാറെടുപ്പിലാണ്. അതേ സമയം പുതുവൈപ്പ് പടിഞ്ഞാറ് ഭാഗത്ത് കാടുകയറിക്കിടക്കുന്ന സ്വകാര്യവ്യക്തികളുടെ ഭൂമി വെട്ടിത്തെളിച്ച് മാഫിയ സംഘത്തിന്റെ ഇടത്താവളങ്ങള്‍ നശിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് നാട്ടുകാരില്‍ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇതിനു പഞ്ചായത്തും പോലീസും മുന്‍കൈ എടുത്ത് സ്ഥല ഉടമകളെക്കൊണ്ട് ചെയ്യിപ്പിക്കണമെന്നാണ് ഇക്കൂട്ടരുടെ തുടര്‍ന്നുള്ള അഭിപ്രായം.