വൈപ്പിന്‍: നീരൊഴുക്ക് തടസപ്പെട്ട് മലിനമായി കിടക്കുന്ന പുതുവൈപ്പ് പൊഴി ദുര്‍ഗന്ധവാഹിനിയായി. ഇതോടെ പരിസരവാസികള്‍ക്ക് വീട്ടില്‍ ഇരുന്നു ഭക്ഷണം കഴിക്കാനോ കിടന്നുറങ്ങാനോ വയ്യാത്ത അവസ്ഥയാണിപ്പോള്‍. വേനല്‍മഴക്കു ശേഷമാണ് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയത്. പൊഴിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കൈത്തോടുകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യവും ചെളിയും കനത്ത മഴയില്‍ പൊഴിയിലേക്ക് കുത്തിയൊലിച്ചു വന്നതാണ് ദുര്‍ഗന്ധത്തിന് കാരണമായിരിക്കുന്നത്.
അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പൊഴിക്കരുകില്‍ ആയിരക്കണക്കിനു കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവര്‍ക്കാണ് ദുരിതം. പൊഴിയുടെ ഇരുവശങ്ങളിലും അനധികൃത കയ്യേറ്റം മൂലം പൊഴി പലയിടങ്ങളിലും ശോഷിച്ചിട്ടുമുണ്ട്. നീരൊഴുക്ക് തടസപ്പെട്ടതോടെ പൊഴിയില്‍ മത്സ്യത്തിന്റെ സാന്നിധ്യവും ഇല്ലാതായി. നാട്ടുകാര്‍ പരാതി നല്‍കിയതോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥലത്തെത്തിയിരുന്നു. പുനരുദ്ധാരണത്തിനു പദ്ധതി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കുമെന്ന് പ്രസിഡന്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.