പുറ്റിംഗല്‍ ദുരന്തം: കുറ്റപത്രത്തില്‍ 22 പേര്‍ക്കെതിരേ കൊലക്കുറ്റം

vediketuuഎസ്.ആര്‍.സുധീര്‍കുമാര്‍

പരവൂര്‍: പുറ്റിംഗല്‍ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് തയാറാക്കിയ കുറ്റപത്രത്തില്‍ ക്ഷേത്രഭാരവാഹികളടക്കം 22 പേര്‍ക്ക് എതിരേ കൊലക്കുറ്റം ചുമത്തിയതായി സൂചന.ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ 15 പേരെ കൂടാതെ കമ്പം നടത്തിയ വര്‍ക്കല കൃഷ്ണന്‍കുട്ടി, കഴക്കൂട്ടം സുരേന്ദ്രന്‍, കൃഷ്ണന്‍കുട്ടിയുടെ ഭാര്യ അനാര്‍ക്കലി, സുരേന്ദ്രന്റെ മക്കളായ ഉമേഷ്, ദീപു, മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കെതിരേയാണ് കൊലക്കുറ്റം ചുമത്തിയതെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.

ഇതില്‍ കരാറുകാരന്‍ സുരേന്ദ്രന്‍ ദുരന്തത്തില്‍ മരിക്കുകയുണ്ടായി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കേസില്‍ അറസ്റ്റിലായ 43 പ്രതികള്‍ക്കും ജാമ്യം ലഭിക്കുകയുമുണ്ടായി.
63 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം തയാറാക്കിയിട്ടുള്ളതെന്ന് അറിയുന്നു. ഒടുവില്‍ പ്രതിചേര്‍ക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും കരാറുകാരുടെ തൊഴിലാളികളാണ്.ക്രൈംബ്രാഞ്ച് എസ്പി ജി.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്ന് മാസത്തെ പരിശ്രമത്തിനുശേഷം കുറ്റപത്രത്തിന് അന്തിമ രൂപം നല്‍കിയത്. ഇത് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് എഡിജിപി എസ്.അനന്തകൃഷ്ണന് കൈമാറുകയുണ്ടായി.

കുറ്റപത്രത്തില്‍ പോരായ്മകളൊന്നും ഉണ്ടാകാതിരിക്കാന്‍ ഇന്നലെ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിശദമായ പരിശോധനകള്‍ നടന്നു. ഉന്നത ഉദ്യോഗസ്ഥര്‍ മാത്രം നടത്തിയ പരിശോധന പൂര്‍ണമായില്ല.പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവേ ജൂലൈ 30നകം കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നത്. പരവൂര്‍ മുനിസിഫ് മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടത്.

കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് അതിലെ വിശദാംശങ്ങള്‍ പുറത്തുപോകരുതെന്ന് അന്വേഷണ സംഘത്തിലെ എല്ലാവര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കുറ്റപത്ര സമര്‍പ്പണം ഇന്നുണ്ടാകില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.ഏപ്രില്‍ പത്തിന് നടന്ന ദുരന്തത്തില്‍ 110 പേരാണ് മരിച്ചത്. 850 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരുടെയും മരിച്ചവരുടെ ബന്ധുക്കളുടേതുമടക്കം ആയിരത്തിലധികം പേരുടെ സാക്ഷിമൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്.

കേസിന്റെ വിചാരണ വേളയില്‍ ഇത്രയും പേരെ പ്രോസിക്യൂഷന്‍ സാക്ഷികളാക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല.കേസില്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനവും ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരില്‍ നിലനില്‍ക്കുന്ന ഭിന്നതയാണ് നിയമനം വൈകുന്നതിന്റെ പ്രധാന കാരണം.

Related posts