പുറ്റിംഗല്‍ ദുരന്തം :റിപ്പോര്‍ട്ട് ഇന്നു സമര്‍പ്പിക്കും, കേന്ദ്രസംഘ തെളിവെടുപ്പ് 30 മുതല്‍

vediketuuപരവൂര്‍: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസ് അന്വേഷണ സംഘം ഇതുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ജില്ലാ ഭരണകൂടത്തിനും പോലീസിനും ഇക്കാര്യത്തില്‍ വീഴ്ചകള്‍ ഒന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ ട്ടില്‍ സൂചനയുണ്ട്. നിരോധനം ലംഘിച്ച് മത്സരക്കമ്പം നടത്തിയത് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ തന്നെയാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. അതേസമയം കഴിഞ്ഞദിവസം ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ അപകടം നടക്കുമ്പോള്‍ ചാത്തന്നൂര്‍ എസിപിയായിരുന്ന എം.എസ്.സന്തോഷ്, പരവൂര്‍ സിഐ എസ്.ചന്ദ്രകുമാര്‍, എസ്‌ഐ ജസ്റ്റിന്‍ ജോണ്‍ എന്നിവരുടെ മൊഴികള്‍ ക്രൈംബ്രാഞ്ച് സംഘം ശനിയാഴ്ച തിരുവനന്തപുരത്ത് രേഖപ്പെടുത്തി.

പരവൂരിലെ ക്രൈംബ്രാഞ്ച് ക്യാമ്പ് ഓഫീസില്‍ നേരത്തേയും എസ്‌ഐയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടും ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. സമീപദിവസങ്ങളില്‍ തന്നെ കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ പി.പ്രകാശ്, ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍, അന്ന് എഡിഎമ്മിന്റെ ചുമതല ഉണ്ടായിരുന്ന എസ്.ഷാനവാസ് എന്നിവരുടെ മൊഴിയും എടുക്കാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട 43 പേരുടെയും റിമാന്‍ഡ് കാലാവധി പരവൂര്‍ മുനിസിഫ് മജിസ്‌ട്രേറ്റ് എം.സതീശന്‍ ജൂണ്‍ നാലുവരെ നീട്ടി. പുറ്റിംഗല്‍ വെടിക്കെട്ട് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം 30 മുതല്‍ തെളിവെടുപ്പ് ആരംഭിക്കും. ചെന്നൈയിലെ ജോയിന്റെ ചീഫ് കണ്‍ട്രോളര്‍ ഒഫ് എക്‌പ്ലോസീവ്‌സ് എ.കെ.യാദവിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അപകടം നടന്ന സ്ഥലത്തും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്തുന്നത്.
ഏപ്രില്‍ പത്തിനാണ് ക്ഷേത്രപരിസരത്ത് ദുരന്തം ഉണ്ടായത്.

ഇത് സംഭവിക്കാനിടയായ കാരണങ്ങളും സാഹചര്യങ്ങളും നിരവധി പേരുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടായതും മറ്റനവധിപേര്‍ക്ക് പരിക്ക് സംഭവിച്ചതും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഈ സംഘത്തെ പ്രധാനമായും ചുമതലപ്പെടുത്തിയിട്ടുള്ളത്.പ്രധാനമായും നാല് വിഷയങ്ങളാണ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. അപകടം ഉണ്ടാകാന്‍ നേരിട്ടുള്ളതും ഏറ്റവും അടുത്തതുമായ കാരണങ്ങള്‍ കണ്ടെത്തല്‍, അപകടത്തിലേയ്ക്ക് നയിച്ച സംഭവത്തിന്റെ സാഹചര്യവും അനുക്രമവും നിര്‍ണയിക്കല്‍ എന്നിവയാണ് ആദ്യത്തെ രണ്ട് വിഷയങ്ങള്‍.അപകടത്തിന് ഇടയാക്കിയ നിയമപ്രകാരവും ഭരണാധികാരപരവും നടപടിക്രമപരവുമായ പോരായ നിര്‍ണയിക്കല്‍, ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കല്‍ എന്നിവയാണ് മറ്റ് അന്വേഷണ വിഷയങ്ങള്‍.

അപകടം നടന്ന സ്ഥലത്തും പരവൂര്‍ മുനിസിപ്പല്‍ ഓഫീസിലുമാണ് 30ന് കമ്മീഷന്റെ ആദ്യ സിറ്റിംഗ്. സ്ഥലപരിശോധനയും പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പും അന്ന് നടക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.അടുത്തദിവസവും മുനിസിപ്പല്‍ ഓഫീസലാണ് തെളിവെടുപ്പ്. മരിച്ചവരുടെ ബന്ധുക്കള്‍, ജിവിച്ചിരിക്കുന്നവരും പരിക്കേറ്റവരും അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍, അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ എന്നിവരില്‍ നിന്നായിരിക്കും അന്ന് തെളിവെടുപ്പ് നടത്തുക. ജൂണ്‍ ഒന്നിനും ഇവരില്‍ നിന്നും തെളിവെടുപ്പ് നടത്തും. ജൂണ്‍ രണ്ടിന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കമ്മീഷന്റെ സിറ്റിംഗ്. കുറ്റാരോപിതര്‍, വെടിക്കെട്ട് നിര്‍മാതാക്കള്‍, പുറ്റിംഗല്‍ ക്ഷേത്രം മാനേജിംഗ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരില്‍ നിന്നായിരിക്കും അന്ന് തെളിവെടുപ്പ് നടത്തുന്നത്.

മൂന്നിനും നാലിനും ആശ്രാമത്ത് തന്നെയാണ് സിറ്റിംഗ്. രണ്ടുദിവസവും സംസ്ഥാന സര്‍ക്കാരിലെയും കേന്ദ്രസര്‍ക്കാരിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് കമ്മീഷന്‍ തെളിവുകള്‍ ശേഖരിക്കും.മൊഴി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് വാക്കാലും സത്യവാങ്മൂലത്തിന്റെ രൂപത്തിലും നല്‍കാമെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ അറിയിച്ചു. എല്ലാ ദിസവവും അന്വേഷണ സംഘത്തിന്റെ സിറ്റിംഗ് ആരംഭിക്കുന്നത് രാവിലെ 10.30മുതല്‍ ആയിരിക്കും.അന്വേഷണ കമ്മീഷന് സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ഏതെങ്കിലും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഓരോ വ്യക്തിയും അതിന് നിയമപ്രകാരം ബാധ്യസ്ഥനായിരിക്കും. കമ്മീഷന് മുമ്പാകെ നല്‍കുന്ന തെളിവുകള്‍ തെറ്റായ തെളിവുകള്‍ നല്‍കുന്നതിലുള്ള നിയമനടപടികള്‍ ഒഴികെ ഏതെങ്കിലും സിവിലോ ക്രിമിനലോ ആയ നടപടികള്‍ക്ക് പ്രസ്തുത വ്യക്തിയെ വിധേയനാക്കുവാനോ അയാള്‍ക്കെതിരേ അത്തരം നടപടിക്രമങ്ങള്‍ പ്രയോഗിക്കാനോ ഉപയോഗിക്കുന്നതല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related posts