പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ യുവതി കണ്ടശാംകടവ് പാലത്തില്‍ നിന്ന് ചാടുകയായിരുന്നു

manjushaകണ്ടശാംകടവ്: പാലത്തില്‍നിന്ന് കഴിഞ്ഞദിവസം പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ചേറ്റുവയില്‍ കണ്ടെത്തി. കാഞ്ഞാണി ആമ്പലക്കാട് കണ്ണറമ്പില്‍ ഷിബിന്റെ ഭാര്യ മഞ്ജുഷയുടെ (19) മൃതദേഹമാണ് ഇന്നുവെളുപ്പിന് ചേറ്റുവ പുഴയോരത്ത് കണ്ടത്. ഹാര്‍ബറിനു വടക്ക് ചിപ്ലിമാട് പരിസരത്താണ് മീന്‍ പിടിക്കുകയായിരുന്ന മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഉടനെ ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഷിബിന്റെ വീട്ടില്‍നിന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ഇറങ്ങിപ്പോയ മഞ്ജുഷ കണ്ടശാംകടവ് പാലത്തിന്റെ കൈവരിയില്‍നിന്ന് പാലത്തിന്റെ തെക്കുഭാഗത്തേക്ക് ചാടുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ചയും ഇന്നലെയും തൃശൂര്‍, ഗുരുവായൂര്‍ ഫയര്‍ഫോഴ്‌സും, സ്കൂബ ടീമംഗങ്ങളും വ്യാപകമായി തെരച്ചില്‍ നടത്തിയിരുന്നെങ്കിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. ഇന്നലെ അഞ്ചരവരെയും ഇവര്‍ തെരച്ചില്‍ നടത്തിയിരുന്നു.

ചാടിയ യുവതിയെ കുറിച്ച് വ്യക്തമായ വിവരവും പോലീസിനു ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ മഞ്ജുഷയെ കാണാനില്ലെന്ന് ബന്ധുക്കള്‍ അന്തിക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തെരച്ചില്‍ നടത്തിയിരുന്ന കണ്ടശാംകടവ് ബോട്ടുജെട്ടിയിലേക്ക് ഭര്‍ത്താവും വീട്ടുകാരും, മഞ്ജുഷയുടെ വീട്ടുകാരും എത്തിയിരുന്നു.

ഏതാനും മാസംമുമ്പാണ് ഷിബിന്‍ മഞ്ജുഷയെ വിവാഹം ചെയ്തത്. ഷിബിന്റെ ആദ്യഭാര്യ മരിച്ചതിനുശേഷം രണ്ടാമത് വിവാഹം കഴിച്ചതായിരുന്നു മഞ്ജുഷയെ. തളിക്കുളം പുനരധിവാസ കോളനിയിലെ ഓട്ടറാട്ട് പ്രകാശന്റെ മകളാണ് മഞ്ജുഷ. സംഭവദിവസം കണ്ടശാംകടവ് ബസ് സ്റ്റോപ്പില്‍ ബസിറങ്ങി കണ്ടശാംകടവ് പാലം പരിസരത്തേക്ക് മഞ്ജുഷ പോയിരുന്നത് സമീപത്തെ ബാങ്കിന്റെ സിസിടിവിയില്‍ തെളിഞ്ഞിരുന്നു. ഈ ദൃശ്യവും പോലീസും വീട്ടുകാരും നേരത്തെ പരിശോധിച്ചിരുന്നു.

Related posts