പൂച്ചക്കുന്നില്‍ കാനകള്‍ മൂടിയത് ദുരിതമായി

tcr-kanaപാവറട്ടി: എളവള്ളി ഗ്രാമപഞ്ചായത്തിന്റെ ജലനിധി പദ്ധതിക്കായി പൂച്ചക്കുന്നിലെ വാട്ടര്‍ ടാങ്കിന് സമീപം റോഡരികിലെ കാനകള്‍ മൂടിയത് പരിസരവാസികള്‍ക്ക് ദുരിതമായി. മഴ ശക്തമായതോടെ പൂച്ചക്കുന്നില്‍ നിന്നും മഴവെള്ളം റോഡരികിലെ സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കാണ് കുത്തിയൊഴുകുന്നത്. മണ്ണിടിഞ്ഞ് റോഡിലേക്ക് വീണുകിടക്കുന്നതിനാല്‍ റോഡിന്റെ ഭൂരിഭാഗം പ്രദേശവും ചെളിക്കുണ്ടായി മാറി. പൂച്ചക്കുന്ന് മുട്ടത്ത് കുരിയാക്കു മകന്‍ ബെന്നിയുടെ വീട്ടിലേക്കാണ് കൂടുതലായി വെള്ളം കുത്തിയൊഴുകുന്നത്.

പൂച്ചക്കുന്നില്‍നിന്നും താഴേക്ക് നിര്‍മിച്ച റോഡ് വഴി ഒഴുകിയെത്തുന്ന മഴവെള്ളം ബെന്നിയുടെ വീട്ടുവളപ്പില്‍ കെട്ടിനില്‍ക്കുകയും പുറകുവശത്തെ മതില്‍ ഇടിഞ്ഞുതകരുകയുമായിരുന്നു. പൂച്ചക്കുന്ന് റോഡിന്റെ ഒരുവശം എളവള്ളി ഗ്രാമപഞ്ചായത്തും മറുവശം മുല്ലശേരി ഗ്രാമപഞ്ചായത്തുമാണ്.ബെന്നിയുടെ കുടുംബം ജലനിധി പദ്ധതി സമ്മാനിച്ച വെള്ളക്കെട്ട് തടഞ്ഞുനിര്‍ത്താന്‍ ഗേറ്റിനു കുറുകെ തടയണ കെട്ടിയിരിക്കുകയാണ്. ഇതുമൂലം വീട്ടിലേക്ക് വാഹനങ്ങള്‍ക്ക് കടന്നുവരാന്‍ കഴിയാത്ത സ്ഥിതിയാണ്.

പൂച്ചക്കുന്ന് റോഡിലൂടെ ദിനംപ്രതി അഞ്ച് സ്വകാര്യ സ്കൂള്‍ വാഹനങ്ങളും നിരവധി മറ്റു വാഹനങ്ങളും കടന്നുപോകുന്നുണ്ട്. ബെന്നിയുടെ കുടുംബം തങ്ങളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയ് 11ന് എളവള്ളി ഗ്രാമപഞ്ചായത്തിലും വാര്‍ഡ് മെമ്പര്‍ക്കും പരാതി നല്കിയെങ്കിലും ഇതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പൂച്ചകുന്ന് റോഡിലെ അടച്ച കാനകള്‍ തുറക്കുകയും മഴവെള്ളം ഒഴുകിപോകുന്നതിനും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനും അടിയന്തര നടപടി വേണമെന്നാണ് ബെന്നിയടക്കമുള്ള പരിസരവാസികള്‍ ആവശ്യപ്പെടുന്നത്.

Related posts