പേരിലൊതുങ്ങി തുറവൂര്‍ താലൂക്കാശുപത്രി; അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം രോഗികള്‍ ദുരിതത്തില്‍

alp-thuravoor-hospitalതുറവൂര്‍: താലൂക്കാശുപത്രിയെന്നാണ് പേരെങ്കിലും പരിമിതികളാല്‍ വീര്‍പ്പുമുട്ടുകയാണ് തുറവൂരിലെ സര്‍ക്കാര്‍ ആതുരാലയം. ആയിരക്കണക്കിനു രോഗികള്‍ ആശ്രയിക്കുന്ന ദേശീയപാതയോരത്തെ തുറവൂര്‍ ആശുപത്രിയില്‍ ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരും ഇല്ലാത്തതും അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമാണ് രോഗികളെ ദുരിതത്തിലാക്കുന്നത്.  ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് സാമൂഹികാരോഗ്യകേന്ദ്രമായിരുന്ന ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കിയത്.

തീരദേശവും കായലോരവും ഉള്‍പ്പടുന്ന അരൂര്‍, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂര്‍, പട്ടണക്കാട് എന്നീ പഞ്ചായത്തുകളിലെ കര്‍ഷക-കയര്‍-മത്സ്യമേഖലകളില്‍ പണിയെടുക്കുന്നവരുടെ ആശ്രയകേന്ദ്രമായ ഇവിടെ നിലവാരം ഉയര്‍ത്തിയെന്ന് പറയുമ്പോഴും രോഗികളുടെ എണ്ണത്തിന് ആനുപാതികമായ സൗകര്യങ്ങള്‍ ഉണ്ടായിട്ടില്ല. ഒപി വിഭാഗത്തില്‍ മാത്രം നിത്യേന 1,500 ലധികം രോഗികളെത്തുന്ന ഇവിടെ ഏഴു ഡോക്ടര്‍മാരും, രണ്ട് ഹെഡ്‌നഴ്‌സുമാരും ഏഴ് നഴ്‌സുമാരുമാണുള്ളത്.

ഉച്ചകഴിഞ്ഞ് എത്തുന്ന രോഗികള്‍ക്കു ഡോക്ടറുടെ സേവനം ലഭിക്കണമെങ്കില്‍ ഡോക്ടര്‍മാരുടെ വീടുകളില്‍ എത്തേണ്ട അവസ്ഥയാണ് നിലവില്‍.  കിടത്തി ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള ഇവിടെ രാത്രിയില്‍ കോള്‍ഡ്യൂട്ടി സൗകര്യമാണ് നിലവിലുള്ളത്. രാത്രിയില്‍ അത്യാസന്നനിലയില്‍ എത്തിക്കുന്ന രോഗികള്‍ക്കും അപകടങ്ങളില്‍ പരിക്കേറ്റ് എത്തുന്നവര്‍ക്കും ഇതുമൂലം ചേര്‍ത്തലയിലോ എറണാകുളത്തോ ഉള്ള ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

ദേശീയപാതയോരത്ത് സ്ഥിതിചെയ്യന്ന ആശുപത്രി എന്ന നിലയില്‍ ഇവിടെ 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം  ഉയര്‍ന്നിരുന്നെങ്കിലും നടപ്പാക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. വാഹനാപകടങ്ങളില്‍പ്പെടുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് ഇവിടെ ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന വാഗ്ധാനവും ഭരണാധികാരികള്‍ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അതും യാഥാര്‍ഥ്യമായില്ല. തൈക്കാട്ടുശേരിപ്പാലം ഗതാഗതത്തിനു തുറന്നു കൊടുത്തതോടെ തൈക്കാട്ടുശേരി, മാക്കേക്കടവ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരും ചികിത്സ തേടിയെത്തുന്നുണ്ട്.

കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഏറ്റെടുത്തത് ഉള്‍പ്പടെയുള്ള സ്ഥലം മതില്‍ കെട്ടിയിട്ടുണ്ടെങ്കിലും കാടുപിടിച്ചു കിടക്കുകയാണ്. ആശുപത്രിക്കുള്ളില്‍ കൊതുകുനശീകരണത്തെിനുള്ള മാര്‍ഗങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ആശുപത്രി മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും മതില്‍ക്കെട്ടിനുളളില്‍ത്തന്നെ നിക്ഷേപിക്കുന്നതും കൊതുകു പെരുകുന്നതിനു സാഹചര്യമൊരുക്കുകയാണ്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആശുപത്രിയില്‍ മരുന്നു വാങ്ങാന്‍ ഫണ്ടുണ്ടെങ്കിലും വിലകൂടിയ മരുന്നുകളെല്ലാം പുറത്തുനിന്നും വാങ്ങേണ്ട അവസ്ഥയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

Related posts