അമ്പലപ്പുഴ പീഡനക്കേസിലെ പ്രതികളെ വെറുതെവിട്ടു; പീഡനരംഗം മൊബൈലില്‍ പകര്‍ത്തി വീണ്ടും പീഡനമെന്ന് കുറ്റപത്രം; ക്ലാസ് റൂമില്‍ മൂന്ന് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസ് തെളിവുകളുടെ അഭാവത്തില്‍ അവസാനിക്കുമ്പോള്‍…

അമ്പലപ്പുഴ: ലൈംഗികപീഡനത്തില്‍ മനംനൊന്ത് ക്ലാസ് റൂമില്‍ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളെ കോടതി വെറുതെവിട്ടു. 2008 നവംബര്‍ 17 ന് രാത്രി ഒമ്പതു മണിക്ക് അമ്പലപ്പുഴ ഗവ. മോഡല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂന്ന് വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥിനികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തുക ആയിരുന്നു. കേസില്‍ അമ്പലപ്പുഴ വളഞ്ഞവഴി കമ്പിവളപ്പ് സ്വദേശികളായ രണ്ടു യുവാക്കളെയാണ് ആലപ്പുഴ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതേ വിട്ടത്.

മൂന്നു പെണ്‍കുട്ടികളും പ്രതികളുടെ പീഡനം കൊണ്ടാണ് മരണത്തിന് കീഴടങ്ങിയതെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ തെളിവു നല്‍കാന്‍ കഴിയാത്തതിന്റെ പേരില്‍ രണ്ടുപേരെയും കോടതി വെറുതേ വിട്ടു. അതേസമയം അമ്പലപ്പുഴയെ മാത്രമല്ല കേരളത്തെ തന്നെ ഞെട്ടിച്ച കേസില്‍ പ്രതികളായി പേര്‍ ചേര്‍ത്തവര്‍ കുറ്റവിമുക്തരായതോടെ പറക്കമുറ്റാത്ത പ്രായത്തില്‍ ലോകംവിട്ടു പോയ പെണ്‍കുട്ടികളുടെ മരണത്തിന് ഉത്തരവാദികള്‍ ആര് എന്ന ചോദ്യമാണ് ഉയരുന്നത്.

ആദ്യം അമ്പലപ്പുഴ പോലീസും തുടര്‍ന്ന് ആലപ്പുഴ ഡിവൈഎസ്പിയും അന്വേഷണം നടത്തിയ കേസില്‍ സഹപാഠികളെയായിരുന്നു ആദ്യം സംശയിച്ചത്. പ്രേമ നൈരാശ്യം മൂലം ആത്മഹത്യ ചെയ്തു എന്നായിരുന്നു ആദ്യ അന്വേഷണത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്. എന്നാല്‍ കൂട്ട ആത്മഹത്യയില്‍ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് നാട്ടുകാരും ബന്ധുക്കളും രംഗത്ത് വന്നതോടെ കേസ് ക്രൈം ഡിറ്റാച്ച്മെന്റ് ബ്യൂറോയ്ക്ക് കൈമാറി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി രാജഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം സഹപാഠികളെ അറസ്റ്റ് ചെയ്തു.

സഹപാഠികള്‍ പ്രേമം നടിച്ച് പീഡിപ്പിച്ചതില്‍ മനംനൊന്താണ് ആത്മഹത്യ എന്നായിരുന്നു കണ്ടെത്തല്‍. പെണ്‍കുട്ടികളെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തിയതായി പ്രതികള്‍ സമ്മതിച്ചെന്നും പിന്നീട് ഇത് കാട്ടി പല തവണ പീഡിപ്പിച്ചെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും ആയിരുന്നു കുറ്റപത്രം. കല്ലേലില്‍ ശങ്കരന്‍ കുട്ടിയായിരുന്നു സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍. 72 സാക്ഷികളെ വിസ്തരിച്ചെങ്കിലും കേസിലെ പ്രധാന തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്താനായില്ലെന്നതടക്കമുള്ള വീഴ്ചകളാണ് തിരിച്ചടിയായത്. പ്രതികള്‍ കുറ്റം ചെയ്‌തെന്നു തെളിഞ്ഞിട്ടും തെളിവുകളുടെ അഭാവത്തില്‍ രക്ഷപ്പെട്ടുവെന്നത് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കു തന്നെ കളങ്കമാവുകയാണ്.

Related posts