പ്രണയാഭ്യര്‍ഥന പലതവണ നിരസിച്ചു; മലയാളി യുവതിയെ യുവാവ് കുത്തിക്കൊന്നു; വിഷം കഴിച്ച പ്രതി കസ്റ്റഡിയില്‍; സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ…

crimeപാലക്കാട്: പ്രണയാഭ്യര്‍ഥന നിരസിച്ചതിനു മലയാളിയുവതിയെ യുവാവ് കുത്തിക്കൊന്നു. പാലക്കാട് പുതുപ്പരിയാരം സ്വദേശി സോമസുന്ദരന്‍- ശാരദ ദമ്പതികളുടെ ഏകമകള്‍ ധന്യ(23)യെയാണ് പാലക്കാട് പുത്തൂര്‍ സ്വദേശിയായ ഷക്കീര്‍(27) കുത്തിക്കൊന്നത്. ബുധനാഴ്ച വൈകുന്നേരം അഞ്ചിനു കോയമ്പത്തൂര്‍ അണ്ണൂരിനു സമീപമായിരുന്നു സംഭവം.

കൊലയ്ക്കുശേഷം പാലക്കാട്ടേക്കു സ്ഥലംവിട്ട പ്രതി ഷക്കീര്‍ പോലീസ് തന്നെ പിന്തുടരുന്നുണ്ടെന്നറിഞ്ഞു വിഷം കഴിച്ചു. ചാണകത്തിനു പകരമായി ഉപയോഗിക്കുന്ന ചാണിപ്പൊടിയാണ് കഴിച്ചത്. ഗുരുതരാവസ്ഥയിലായ ഷക്കീറിനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശി പ്പിച്ചെങ്കിലും, ഇന്നലെ തമിഴ്‌നാട്ടില്‍നിന്നെത്തിയ പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു കോയമ്പത്തൂര്‍ക്കു കൊണ്ടുപോയി. പാലക്കാട് സ്വദേശിയായ ഷക്കീര്‍ തിരുപ്പൂരിലാണ് ജോലി ചെയ്യുന്നത്.

സംഭവത്തെക്കുറിച്ച് കരുമത്താംപട്ടി പോലീസ് പറയുന്നതിങ്ങനെ: പാലക്കാട് സ്വദേശിയായ സോമസുന്ദരന്‍ കഴിഞ്ഞ 33 വര്‍ഷമായി അണ്ണൂരിലുളള തെന്നംപാളയത്തു കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. ഇവിടെ തുന്നല്‍ക്കട നടത്തുകയാണ്. ബിഎസ്‌സി പഠനത്തിനുശേഷം ബംഗളൂരുവിലെ ഐടി കമ്പിനിയില്‍ ജോലി നോക്കുകയായിരുന്നു ധന്യ.

കഴിഞ്ഞയാഴ്ച അണ്ണൂരില്‍ തന്നെയുള്ള സിബിഎസ്ഇ സ്കൂളിലെ അധ്യാപകനായ ദിനേശുമായി ധന്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വരുന്ന ജനുവരിയില്‍ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഷക്കീര്‍ പലതവണ ധന്യയോടു പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ ധന്യ നിരസിച്ചു. വിവാഹം നിശ്ചയിച്ചതിലുള്ള മനോവിഷമമാണ് കൊലയ്ക്കു കാരണമായതെന്നു പോലീസ് പറയുന്നു.

വീട്ടില്‍ ആരുമില്ലാത്ത തക്കംനോക്കിയാണ് പ്രതി കൃത്യം നിര്‍വഹിച്ചത്. ധന്യയുടെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പോയിരിക്കുകയായിരുന്നു. പോകുമ്പോള്‍ മകളുടെ സുരക്ഷയോര്‍ത്തു വീടു പൂട്ടിയാണ് പോയതത്രെ. ഈ സമയത്തു വീട്ടുപരിസരത്തുണ്ടായിരുന്ന പ്രതി വാതില്‍ തല്ലിത്തകര്‍ത്തു ധന്യയെ കുത്തിവീഴ്ത്തുകയായിരുന്നു. വൈകുന്നേരം ആറോടെ സോമസുന്ദരനും ഭാര്യയും വന്നപ്പോഴാണ് മകള്‍ മരിച്ചുകിടക്കുന്നതു കാണുന്നത്. കരുമത്താംപട്ടി ഡിഎസ്പി കൃഷ്ണമൂര്‍ത്തി, എസ്‌ഐ ശരവണന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി.

Related posts