ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ കീഴില്‍ നടന്ന മൈക്രോ ഫിനാന്‍സുമായി ബന്ധപ്പെട്ട് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടും പ്രതിഷേധമുയര്‍ത്തി പ്രകോപനമുണ്ടാക്കാതെ യോഗനേതൃത്വം.
യോഗം പ്രസിഡന്റ് എം.എന്‍. സോമന്‍, സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, മൈക്രോഫിനാന്‍സ് സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശന്‍ എന്നിവരെ പ്രതികളാക്കി വിജിലന്‍സ് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും എസ്എന്‍ഡിപിയുടെ സംഘടനാ തലത്തില്‍ ഇതുവരെ യാതൊരു പ്രതിഷേധവും നടത്തിയിട്ടില്ല. വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത വിവരം ലഭിച്ചയുടന്‍ തന്നെ യോഗം നേതൃത്വം ഇത്തരം പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കരുതെന്ന് യൂണിയനുകള്‍ക്ക് കര്‍ശന നിര്‍ദേശം നല്കിയിരുന്നു. പ്രതിഷേധമുയര്‍ത്തി സര്‍ക്കാരിനെ പ്രകോപിപ്പിക്കേണ്ടെന്ന നിലപാടിലാണ് യോഗം നേതൃത്വം.
കഴിഞ്ഞദിവസം മൈക്രോ ഫിനാന്‍സ് കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി നേതൃയോഗം ആലപ്പുഴയില്‍ ചേര്‍ന്ന ദിവസം വൈകുന്നേരം ആലപ്പുഴ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചെങ്കിലും പരിപാടി നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രതിഷേധ പരിപാടി വിശദീകരണ യോഗമാക്കി മാറ്റിയിരുന്നു. വിജിലന്‍സ് കേസ് സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചപ്പോഴും വിഎസ് അച്യുതാനന്ദനെ കടന്നാക്രമിച്ച വെള്ളാപ്പള്ളി നടേശന്‍ സംസ്ഥാന സര്‍ക്കാരിനെതിരായി ഒരക്ഷരം പോലും പറഞ്ഞിരുന്നില്ല.
എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷി നേതാക്കളുടെ സഹായത്തോടെ കേസില്‍ സര്‍ക്കാരിന്റെ അനുകൂല സമീപനം നേടിയെടുക്കാനുള്ള നീക്കവും യോഗം നടത്തുന്നതായാണ് അറിയുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചില മണ്ഡലങ്ങളില്‍ എസ്എന്‍ഡിപി ചില എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതായി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. ഈ ബന്ധം ഉപയോഗപ്പെടുത്താനാണ് യോഗത്തിന്റെ നീക്കം.
എസ്എന്‍ഡിപി യോഗത്തിന്റെ കീഴില്‍ നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് ശ്രീനാരായണ ധര്‍മ വേദിയാണ് ആദ്യം ആരോപണമുന്നയിച്ചത്. തുടര്‍ന്ന് മൈക്രോ ഫിനാന്‍സ് വഴി 15 കോടിയുടെ തട്ടിപ്പ് നടത്തിയതായി ആരോപിച്ച് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി നല്കുകയായിരുന്നു.