പ്രിയദര്‍ശനും താനും വീണ്ടും വിവാഹിതരാകുന്നുവെന്ന വാര്‍ത്ത തള്ളി മുന്‍ഭാര്യയും നടിയുമായ ലിസി രംഗത്ത്. ഫേസ്ബുക്ക് പേജിലൂടെയാണ് ലിസി വിശദീകരണം അറിയിച്ചത്. താന്‍ പ്രിയദര്‍ശനെതിരേ വിവാഹമോചനം ഫയല്‍ ചെയ്തതിന്റെ കാരണം സംബന്ധിച്ച് ഊഹാപോഹങ്ങള്‍ പടര്‍ന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും അത് ഒരിക്കലുമില്ലെന്നാണ് തന്റെ ഉത്തരമെന്നും ലിസി പറയുന്നു.
“ഞാന്‍ വിവാഹമോചനം ഫയല്‍ ചെയ്യാന്‍ കാരണമെന്താണെന്ന് എന്റെ കുട്ടികള്‍ക്കും (അവര്‍ എനിക്ക് വലിയ പിന്തുണയാണ് നല്കുന്നത്) കോടതിക്കും പ്രിയദര്‍ശനുമറിയാം. ആ കാരണങ്ങള്‍ ഒരിക്കലും പിന്‍വലിക്കാനാവാത്തതാണ്. അത് വെളിപ്പെടുത്താനോ ചര്‍ച്ച ചെയ്യാനോ ഞാന്‍ തയാറല്ല. മാധ്യമങ്ങളുടെ ഭാഗത്തു നിന്നും സ്ഥിരമായി ആവശ്യപ്പെട്ടിരുന്നപ്പോഴും ഞാന്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. പക്ഷേ, ചില മാധ്യമങ്ങള്‍ ഇപ്പോഴും എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു.”- ലിസി പറയുന്നു.
ഇന്ന് തങ്ങള്‍ വീണ്ടും ഒന്നിക്കുന്നു എന്ന പ്രചാരണങ്ങള്‍ കേട്ട് മാധ്യമങ്ങളുടെ നിരവധി കോളുകള്‍ ലഭിച്ചിരുന്നുവെന്നും തനിക്ക് ഇതില്‍ കൂടുതലൊന്നും പറയാനില്ലെന്നും ജീവിക്കാന്‍ അനുവദിക്കണമെന്നും ലിസി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.