കൊല്ലം: കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലുള്ള മാലിന്യ സംസ്കരണ ശില്‍പ്പശാലയും നഗരസഭാ ഓഫീസ് പരിസരം പ്ലാസ്റ്റിക് മുക്ത മേഖലയായി പ്രഖ്യാപിക്കലും നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കൊല്ലം സി.കേശവന്‍ മെമ്മോറിയല്‍ ടൗണ്‍ഹാളില്‍ നടക്കും. മേയര്‍ അഡ്വ.വി.രാജേന്ദ്രബാബുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എംഎല്‍എ കൊല്ലം നഗരസഭാ ഓഫീസിനെ പ്ലാസ്റ്റിക് മുക്ത മേഖലയായി പ്രഖ്യാപിക്കും.
ജില്ലാ കളക്ടര്‍ എ.ഷൈനാമോള്‍, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ജയന്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി വി.ആര്‍.രാജു എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് നടക്കുന്ന മാലിന്യ സംസ്കരണ ശില്‍പ്പശാല പ്രഫ.പി.കെ.രവീന്ദ്രന്‍ (ഐആര്‍ടിസി) നയിക്കും. ശുചിത്വ മിഷന്‍ കോര്‍ഡിനേറ്റര്‍ എ.പി.ദിനേശന്‍, കോര്‍പ്പറേഷന്‍ റിട്ട.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡോ.ഡി.ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിക്കും. നഗരാതിര്‍ത്തിയില്‍ പ്ലാസ്റ്റിക് മാലിന്യം ഇല്ലാതാക്കുന്നതിന് കോര്‍പ്പറേഷന്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്ന് മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് എന്നിവര്‍ അറിയിച്ചു.
50 മൈക്രോണില്‍ താഴെ കനമുള്ള പ്ലാസ്റ്റിക് കാരിബാഗുകള്‍ ജൂലൈ 15ന് ശേഷം സമ്പൂര്‍ണമായി നിരോധിക്കും. ഇക്കാര്യം വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ത്ത് എല്ലാവരെയും അറിയിച്ചിട്ടുണ്ട്.അതിനുശേഷം ഇവ വിറ്റാല്‍ പിടിച്ചെടുത്ത് പിഴ ഈടാക്കാന്‍ തന്നെയാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ തീരുമാനം. ഓണത്തിന് മുമ്പായി ഹോളോഗ്രാം പതിച്ച കൗണ്‍സില്‍ നിശ്ചയിക്കുന്ന വില ഈടാക്കി മാത്രമേ 50 മൈക്രോണിന് മുകളിലുള്ള പ്ലാസ്റ്റിക് കവറുകള്‍ വിതരണം ചെയ്യാന്‍ അനുവദിക്കുകയുള്ളൂവെന്നും മേയര്‍ വ്യക്തമാക്കി.നഗരത്തില്‍ നിലവിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ നടപടികള്‍ ഇതിനകം ആരംഭിച്ച് കഴിഞ്ഞു. കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കളക്ഷന്‍ സെന്ററുകള്‍ സ്ഥാപിച്ച് ശേഖരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഘട്ടം ഘട്ടമായി കോര്‍പ്പറേഷന്‍ അതിര്‍ത്തിയിലെ എല്ലാ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങളായ ബയോഗ്യാസ് പ്ലാന്റും പൈപ്പ് കമ്പോസ്റ്റും സബ്‌സിഡിയോടെ സ്ഥാപിക്കും. നിലവിലുള്ള കമ്യൂണിറ്റി ബയോഗ്യാസ് പ്ലാന്റുകള്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമാക്കാനും നടപടികള്‍ സ്വീകരിക്കും.നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തുമ്പൂര്‍മുഴി മാതൃകയിലുള്ള ഏറോബിക് ബിന്നുകള്‍ സ്ഥാപിക്കും. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, പൗള്‍ട്രിഫാം, കല്യാണ സദ്യാലയങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങി വലിയ തോതില്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ തനത് മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ വേണമെന്ന വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പിലാക്കും. ഇല്ലാത്തവയുടെ ലൈസന്‍സ് റദ്ദാക്കി അടച്ചുപൂട്ടിക്കാന്‍ തന്നെയാണ് തീരുമാനമെന്നും മേയര്‍ അസന്നിഗ്ധമായി വ്യക്തമാക്കി.
അനധികൃത മാലിന്യനിക്ഷേപം കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന് ഹെല്‍ത്ത് സ്ക്വാഡിന്റെ പ്രവര്‍ത്തനം വ്യാപകമാക്കും. പകലും രാത്രിയും സ്ക്വാഡ് പ്രവര്‍ത്തിക്കും. ഹെല്‍ത്ത് സ്ക്വാഡുകള്‍ക്ക് മാത്രമായി പ്രത്യേകം വാഹനങ്ങളും സജ്ജീകരിക്കും. മാലിന്യ നിക്ഷേപം സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വാട്‌സ് ആപ്പ് മെസേജ് വഴി പരാതികള്‍ ബോധിപ്പിക്കുന്നതിന് അടിയന്തിരമായി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. നഗരത്തില്‍ പലയിടത്തും അനധികൃത കശാപ്പ് ശാലകളും ഇറച്ചി വ്യാപാര കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
നഗരത്തിലെ വിവിധ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളില്‍ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നിരീക്ഷണ കാമറകളും സ്ഥാപിക്കും. ഇ-വേസ്റ്റ് മാര്‍ക്കറ്റ് സ്ഥിരം സംവിധാനമാക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. മാലിന്യ സംസ്കരണ കാര്യത്തില്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കുന്നതിന് സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് ബോധവത്ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കാനും കോര്‍പ്പറേഷന്‍ ആലോചിക്കുന്നു. കോര്‍പ്പറേഷന്‍ ഓഫീസും പരിസരവും പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കുകയാണ്. പ്ലാസ്റ്റിക് കാരിബാഗുമായി ഓഫീസില്‍ എത്തുന്നവര്‍ക്ക് ആദ്യത്തെ ഒരാഴ്ച തുണിസഞ്ചികള്‍ നല്‍കി ബോധവത്ക്കരണം നടത്തും. പിന്നീട് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തുമെന്നും മേയര്‍ പറഞ്ഞു.