ഫാ. ടോമിനെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നു; ആശുപത്രിയില്‍ പോലീസ് സംരക്ഷണയില്‍ കഴിയുന്ന സിസ്റ്റര്‍ സാലിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമവും തുടരുന്നു

fatherകോട്ടയം: യെമനിലെ ഏഡന്‍ തുറമുഖത്തിനു സമീപം മിഷനറീസ് ഓഫ് ചാരിറ്റിയുടെ ചുമതലയില്‍ പ്രവര്‍ത്തിച്ചിരുന്ന അഗതി മന്ദിരത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തെത്തുടര്‍ന്നു കാണാതായ സലേഷ്യന്‍ സഭാംഗമായ ഫാ. ടോം ഉഴുന്നാലിലിനെ കണെ്ടത്താനുള്ള അന്വേഷണം ഊര്‍ജിതമായി തുടരുന്നു. വത്തിക്കാന്‍ നയതന്ത്രാലയം ഏഡനിലെ നിലവിലുള്ള ഭരണകൂടവുമായി ആശയ വിനിമയം നടത്തുന്നുണ്ട്. സംഭവത്തിന്റെ ഉത്തരവാദിത്വം ഐഎസോ അല്‍ക്വയ്ദയോ ഏറ്റെടുത്തിട്ടില്ല. അതിനാല്‍ സംഭവം സംബന്ധിച്ചു യാതൊരു സൂചനയും നിലവില്‍ ലഭ്യമല്ല.

അതേസമയം, തീവ്രവാദികളുടെ വെടിയേറ്റു മരിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ആഴ്ചകളോളം ഇതിനു താമസമുണ്ടാകുമെന്നാണ് അധികൃതര്‍ പറയുന്നത്. മൃതദേഹം കൊണ്ടുവരുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിസഹായാവസ്ഥ അറിയിച്ചാല്‍ അവിടെത്തന്നെ സംസ്കരിക്കുന്നതിനായിരിക്കും ശ്രമിക്കുക.

ആശുപത്രിയില്‍ പോലീസ് സംരക്ഷണയില്‍ കഴിയുന്ന സിസ്റ്റര്‍ സാലിയെ ഇന്ത്യയിലെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. രഹസ്യ മാര്‍ഗത്തിലൂടെ സമീപത്തുള്ള മറ്റേതെങ്കിലും രാജ്യത്ത് എത്തിച്ച് അവിടെനിന്ന് ഇന്ത്യയിലെത്തിക്കാനുള്ള ശ്രമമാണു വിദേശകാര്യ മന്ത്രാലയം നടത്തുന്നത്. സിസ്റ്റര്‍ സാലി മിഷനറീസ് ഓഫ് ചാരിറ്റി മദര്‍ ഹൗസുമായി പല തവണ ആശയ വിനിമയം നടത്തി. താന്‍ സുരക്ഷിതയാണെന്നും എന്നാല്‍ ഒപ്പമുണ്ടായിരുന്നവരുടെ മരണത്തില്‍ ദുഃഖിതയാണെന്നും സിസ്റ്റര്‍ സാലി പറഞ്ഞു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യെമനിലെ കന്യാസ്ത്രീ മഠങ്ങള്‍ക്കു സുരക്ഷ ഊര്‍ജിതമാക്കി. ഇവിടെയുള്ള കന്യാസ്ത്രീകളോടു പുറത്തേക്കു പോകേണ്ടന്നാണു പോലീസ് നിര്‍ദേശം. മഠത്തിനുള്ളിലും ഗെയിറ്റിനു പുറത്തും സായുധ പോലീസിനെ നിയോഗിച്ചിട്ടുണ്ട്.

വിവിധ ഇടങ്ങളിലെ മഠങ്ങളിലായി മിഷനറീസ് ഓഫ് ചാരിറ്റിയുടെ 16 കന്യാസ്ത്രീകളാണ് ഇവിടെ സേവനം ചെയ്യുന്നത്. ഇവരില്‍ നാലു പേര്‍ ഇന്ത്യക്കാരാണ്. അവശേഷിക്കുന്ന ഏക പുരോഹിതനും സലേഷ്യന്‍ സഭാംഗവുമായ ഫാ. ജോര്‍ജ് ഒരു രഹസ്യകേന്ദ്രത്തില്‍ കഴിയുകയാണെന്നു സഭാനേതൃത്വം അറിയിച്ചു. വൈകാതെ ഫാ.ജോര്‍ജിനെ നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. അതേസമയം, യെമനില്‍ തീവ്രവാദികളും സര്‍ക്കാരും തമ്മിലുള്ള ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുകയാണ്.

Related posts