പരിയാരം: സേവനപ്രവര്‍ത്തനങ്ങള്‍ക്കു ഫണ്ട് സ്വരൂപിക്കാന്‍ വ്യത്യസ്തമായ രീതി സ്വീകരിക്കുകയാണു പരിയാരം മരിയപുരത്തെ ഫാ.—സുക്കോള്‍ ഫൗണ്ടേഷന് പ്രവര്‍ത്തകര്‍. നിരാലംബര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും ആശ്വാസമേകിയ മലബാറിന്റെ മഹാമിഷണറി സുക്കോളച്ചന്റെ സേവന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ രൂപീകരിച്ച ഫാ. സുക്കോള്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ 200 രൂപയുടെ കൂപ്പണുകളാണ് തയാറാക്കിയിരിക്കുന്നത്.
സുക്കോളച്ചന് 1992 മുതല്‍ മരണം വരെ ഉപയോഗിച്ച ജീപ്പാണു കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സമ്മാനിക്കുന്നത്. താന്‍ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളോടും സുക്കോളച്ചന് കാണിച്ച താത്പര്യവും ശ്രദ്ധയും കാരണം 23 വര്‍ഷത്തിന്റെ യാതൊരു പഴക്കവും ഈ വാഹനത്തിനില്ല. അതിനാല്‍ത്തന്നെയാണ് സന്നദ്ധസേവനത്തിനുള്ള ഫണ്ട് സമാഹരണത്തിനുള്ള അടിസ്ഥാന മൂലധനമായി ഈ വാഹനം ഫൗണ്ടേഷന് പ്രവര്‍ത്തകര്‍ തെരഞ്ഞെടുത്തത്.
കൂപ്പണുകളിലൂടെ ലഭിക്കുന്ന പണമുപയോഗിച്ച് സുക്കോളച്ചന്റെ മൂന്നാം ചരമവാര്‍ഷികദിനത്തില്‍ പുതിയ സേവനപദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് ഫൗണ്ടേഷന്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഏര്‍പ്പെടുത്താനാണു തളിപ്പറമ്പ് ഫൊറോന വികാരി ഫാ.—ബെന്നി മണപ്പാട്ടിന്റെ നേതൃത്വത്തില്‍ ഫണ്ട് സമാഹരിക്കുന്നത്. ഏറെ താത്പര്യപൂര്വമാണു സുക്കോളച്ചനെ സ്നേഹിക്കുന്നവര്‍ ഇതിനോട് സഹകരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.