ഫുള്‍ എ പ്ലസുകളുടെ വിജയകിലുക്കവുമായി കുളത്തുങ്കര കിഴക്കേതില്‍ വീട്

KLM-PLUSപത്തനാപുരം: കാരംമൂട് കുളത്തുങ്കര കിഴക്കേതില്‍ വീട്ടില്‍ ഫുള്‍ എ പ്ലസുകളുടെ വിജയകിലുക്കം. ചേട്ടനും അനുജത്തിയും ഇത്തവണ ഇവിടേക്കെത്തിച്ച നേട്ടത്തിന്റെ പെരുമഴയാണിവിടെ. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി അഫ് ലഹബാനു താരമായപ്പോള്‍ സഹോദരന്‍ അന്‍ ഹസ്ബിന്‍ മുഹമ്മദ് ഫായിസ് പ്ലസ്ടു വിലും വിജയതിളക്കം ആവര്‍ത്തിച്ചു.

പത്തനാപുരം മൗണ്ട് താബോര്‍ ഗേള്‍സ് ഹൈസ്ക്കൂളിലെ വിദ്യാര്‍ഥിനിയാണ് അഫ് ലഹബാനു. ഊര്‍ജതന്ത്രം ഇഷ്ടപ്പെടുന്ന ഈ കൊച്ചുമിടുക്കിയ്ക്ക് ശാസ്ത്രവിഷയത്തില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി പട്ടാളത്തില്‍ ചേരാനാണ് ആഗ്രഹം. കലാരംഗത്തും മികവ് തെളിയിച്ചിരിക്കുന്ന അഫ് ലഹ ബാനു കഴിഞ്ഞ സംസ്ഥാനകലോല്‍സവത്തില്‍ അറബി മോണോആക്ടില്‍ വിജയിയായിരുന്നു.

ശാസ്ത്രകണെ്ടത്തലുകളിലും ഇലക്ട്രോണിക്‌സിലും താല്‍പര്യമുള്ള ജ്യേഷ്ഠസഹോദരന്‍ അന്‍ ഹസ്ബിന്‍ മുഹമ്മദ് ഫായിസിന് സായുധസേനയില്‍ ഡോക്ടര്‍ ആകാനാണ് ആഗ്രഹം. ശാസ്ത്രമേളകളില്‍ നിരവധി തവണ ഇലക്ട്രോണിക്‌സ് മല്‍സരങ്ങളില്‍ വിജയിയായിട്ടുണ്ട്. പഠനത്തോടൊപ്പം ശാസ്ത്രകണെ്ടത്തലുകളും ഫായിസിന്റെ ഹോബിയാണ്.

ഇലക്ട്രിക് പോസ്റ്റ്‌സര്‍ക്യൂട്ട് ബ്രേക്കിംഗ് സംവിധാനവുമായാണ് ശാസ്ത്രമേളയിലും ഫായിസ് താരമായത്. എന്‍സിസിയില്‍ മികച്ച ഷൂട്ടര്‍മാരാണ് ഇരുവരും. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്കൂളില്‍ നിന്നും ശാസ്ത്രവിഷയം പഠിച്ചാണ് അന്‍ ഹസ്ബിന്‍ മുഹമ്മദ് ഫായിസ് ഫുള്‍ എ പ്ലസിന് അര്‍ഹനായത്. മുഹമ്മദ് ഷെഫീക്ക് ഫാത്തിമ ഷെഫീക്ക് ദമ്പതികളുടെ മക്കളാണ് ഇവര്‍.

Related posts