ഒരാള്‍ ജീവിതത്തെ വീക്ഷിക്കുന്നതുപോലെയല്ല, മറ്റൊരാള്‍ ജീവിതത്തെ വീക്ഷിക്കുന്നത്. സാഹചര്യങ്ങളും അവസ്ഥകളുമാണ് എപ്രകാരം ജീവിതത്തെ വീക്ഷിക്കണമെന്ന് ഒരോരുത്തരെയും ബോധ്യപ്പെടുത്തുന്നത്. ഗീത എന്ന നാല്‍പതുകാരി അമ്മയുടെയും 26 വയസ്സുള്ള മകള്‍ നീതുവിന്റെയും ജീവിതം സാധാരണ ഒരു വ്യക്തിയ്ക്ക് ചിന്തിക്കാന്‍ പോലും സാധിക്കില്ല. എത്ര നരക തുല്യമാണ് അവരുടെ ജീവിതമെന്ന് മനസ്സിലാകണമെങ്കില്‍ ഇതുകൂടി അറിയണം, ഇവര്‍ ഇന്നും ജീവിക്കുന്നത് ആസിഡ് ഒഴിച്ചു തങ്ങളെ വിരൂപരാക്കിയ വ്യക്തിക്കൊപ്പം തന്നെയാണ്. ഏകദേശം 23 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവം നടക്കുന്നത്. ആഗ്രയില്‍ കച്ചവടം നടത്തി ജീവിച്ചിരുന്ന ഒരു സാധാരണ കുടുംബമായിരുന്നു ഗീതയുടേത്, ആകെയുള്ള പ്രശ്‌നം ഭര്‍ത്താവ് ഇന്ദ്രജിത്തിന്റെ മദ്യപാന ശീലം മാത്രം. അതുതന്നെയായിരുന്നു അവരുടെ ജീവിതത്തിലെ വില്ലനും. ഒരു ദിവസം മദ്യപിച്ചെത്തിയ ഇന്ദ്രജിത്ത് പതിവു പോലെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കി.
പിണങ്ങി അമ്മയുടെ വീട്ടിലേക്കു പോയ ഗീതയേയും മക്കളെയും അവിടെ ചെന്ന് ആക്രമിച്ചു. മദ്യ ലഹരിയില്‍ അയാള്‍ ഉറങ്ങിക്കിടന്നിരുന്ന ഭാര്യയുടെയും രണ്ടും പെണ്‍മക്കളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു. മാരകമായ പൊള്ളലേറ്റ അമ്മയും കുഞ്ഞുങ്ങളും ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടു. പിന്നീട് ഗീത നല്‍കിയ പരാതിയില്‍ ഇന്ദ്രജിത്ത് അറസ്റ്റ് ചെയ്യപ്പെട്ടു. സ്വന്തം വീട്ടില്‍ തന്നെയും കുഞ്ഞുങ്ങളെയും പോറ്റാനുള്ള വകയില്ലായിരുന്നെങ്കിലും ഏകദേശം ഒരു വര്‍ഷത്തോളം അവര്‍ അവിടെ താമസിച്ചു. ഈ കാലമത്രയും അയല്‍വാസികളില്‍ നിന്നുള്ള പരിഹാസവും ഒറ്റപ്പെടുത്തലും സഹിക്കേണ്ടതായി വന്നു. വിരൂപമായ മുഖവുമായി പുറത്തിറങ്ങാന്‍ തന്നെ മടി. നീതുവിനു താഴെയുള്ള കുട്ടിക്ക് ആക്രമണം നടക്കുമ്പോള്‍ 18 മാസമായിരുന്നു പ്രായം. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട് ഒരു മാസം കഴിഞ്ഞപ്പോള്‍ അണുബാധയെ തുടര്‍ന്ന് ആ കുട്ടി മരിക്കുകയാണുണ്ടായത്.
ഈ സമയത്ത് ജയിലില്‍ നിന്നും ഇന്ദ്രജിത്തിന്റെ കത്തുകള്‍ വന്നു തുടങ്ങി. ചെയ്തതു തെറ്റായി പോയി, തനിക്കു മാപ്പു നല്‍കണം എന്നായിരുന്നു ആ കത്തുകളുടെയെല്ലാം ഉള്ളടക്കം. തന്റെ മകളുടെ ഭാവിയെ ഓര്‍ത്തും, അമ്മയ്ക്ക് തങ്ങളെ ഇനി നോക്കാനാവില്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞും ഗീത ഭര്‍ത്താവിനോട് ക്ഷമിച്ചു. കേസ് പിന്‍വലിക്കപ്പെട്ട ശേഷം അവര്‍ വീണ്ടും ഒന്നിച്ചു താമസം തുടങ്ങി. അതിനു ശേഷം പൂനം എന്ന ഒരു മകള്‍ കൂടി ജനിച്ചു അവര്‍ക്ക്. കടുത്ത ദാരിദ്ര്യം മൂലമാണ് ആസിഡ് ഒഴിച്ചു ജീവിതം നശിപ്പിച്ചവന്റെ കൂടെ വീണ്ടും ജീവിക്കേണ്ടി വന്നതെന്ന് ഗീത പറയുന്നു. മകളുടെ മുഖം കാണുമ്പോള്‍ അതിയായ സങ്കടമുണ്ടെന്ന് ഇയാള്‍ പറയാറുണ്ടെങ്കിലും ഇപ്പോഴും മദ്യപിച്ചെത്തി ഭാര്യയെയും മക്കളെയും ഉപദ്രവിക്കാറുണ്ട്. തനിക്ക് അന്ന് ആസിഡ് നല്‍കിയത് സുഹൃത്തുക്കളാണെന്നും അന്ന് താന്‍ അമിതമായി മദ്യപിച്ചിരുന്നെന്നും ഇന്ദ്രജിത്ത് പറയുന്നു. കഴിഞ്ഞ വര്‍ഷം മുതല്‍ നീതു ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ നടത്തുന്ന ‘ഷീറോസ് കഫെ’യില്‍ ജോലി ചെയ്യുന്നുണ്ട്. അങ്ങനെ ജീവിക്കാനുള്ള വരുമാനം അവള്‍ കണ്ടെത്തുന്നു. എങ്കിലും ജീവിതം ഇതുവരെയും പൂര്‍ണ്ണമായും ഇവര്‍ക്ക് നീതി കൊടുക്കുന്നില്ല.