ബംഗളൂരില്‍ നിന്നു കേരളത്തിലേക്കു യാത്രക്കാര്‍ ഏറെ, വാഹനങ്ങള്‍ കുറവ്; ബസുകളില്‍ അധികനിരക്ക്

TRAINസിജോ പൈനാടത്ത്

ബംഗളൂരു: തുടര്‍ച്ചയായ അവധി ദിനങ്ങള്‍ വരുന്നതിനാല്‍ ബാംഗളൂരില്‍ നിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും വന്‍ തിരക്ക്. നാളത്തെ ഉഗാദിയുടെയും അടുത്താഴ്ചയിലെ വിഷുവിന്റെയും അവധികള്‍ കണക്കിലെടുത്താണു മലയാളികള്‍ കൂട്ടമായി നാട്ടിലേക്കു മടങ്ങുന്നത്.

ഇന്ന് ബാംഗളൂരില്‍ നിന്നു കേരളത്തിലേക്കു പുറപ്പെടുന്ന പുഷ് ബാക്ക് ബസുകളിലൊന്നിലും സീറ്റില്ല. തിരക്കു കണക്കിലെടുത്ത് ബസുകളില്‍ അമിത നിരക്ക് ഈടാക്കുന്നതായും ആക്ഷേപമുണ്ട്. കൊച്ചിയിലേക്കു സീറ്റൊന്നിനു 1850 രൂപ വരെ ഈടാക്കുന്നുണ്ടെന്നു യാത്രക്കാര്‍ പറഞ്ഞു. സാധാരണയായി 700-900 രൂപയാണു ബാംഗളൂര്‍-കൊച്ചി ബസ് യാത്രയ്ക്ക് ഇടാക്കിയിരുന്നത്. കേരള ആര്‍ടിസി ബസുകളില്‍ നോണ്‍ എസി ബസുകള്‍ക്ക് 850 രൂപ മാത്രമാണ് ഈടാക്കുന്നത്. ഈ ബസുകളിലെ ബുക്കിംഗും നേരത്തെ തന്നെ പൂര്‍ത്തിയായി. കേരളത്തിലേക്കുള്ള സ്‌പെഷല്‍ ട്രെയിനുകളിലും വലിയ നിരക്കാണ് ഈ ദിവസങ്ങളില്‍ ഈടാക്കുന്നത്. തിരക്കു കൂടുന്നതനുസരിച്ചു ഇത്തരം ട്രെയിനുകളുടെ നിരക്കില്‍ വര്‍ധനവുണ്ടാകും.

ഇന്നത്തെ തിരക്കു പരിഗണിച്ചു കര്‍ണാടക ആര്‍ടിസിയുടെ പതിനഞ്ചു പ്രത്യേക ബസുകള്‍ കേരളത്തിലേക്കു സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇതിലും സീറ്റുകളൊന്നും ബാക്കിയില്ല. ദിവസങ്ങള്‍ക്കു മുമ്പേ ഇതിലെ സീറ്റുകളിലും ബുക്കിംഗ് പൂര്‍ത്തിയായി. കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലേക്കു സേലം വഴിയാണു ബസുകള്‍ പുറപ്പെടുന്നത്. തിരക്കു കണക്കിലെടുത്ത് ഈയാഴ്ചയില്‍ കേരള ആര്‍ടിസിയുടെ കൂടുതല്‍ ബസുകള്‍ വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നു യാത്രക്കാര്‍ പരാതിപ്പെടുന്നു.

അതേസമയം വിഷുവിനുശേഷം ബംഗളൂരുവിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും റിസര്‍വേഷന്‍ സീറ്റുകള്‍ ഇനി കിട്ടുക എളുപ്പമല്ല. ഏപ്രില്‍ പതിനേഴിനു കൊച്ചുവേളിയില്‍ നിന്നു ബംഗളൂരുവിലേക്കുള്ള സുവിധ സ്‌പെഷല്‍ ട്രെയിനിലും തിരക്കിനൊപ്പം നിരക്കും കൂടും. സ്ലീപ്പര്‍ ക്ലാസില്‍ 1070 രൂപയാണ് ഈ ദിവസം മടക്കയാത്രയക്കുള്ള നിരക്ക്. തേഡ് എസിയിയില്‍ 2885 ഉം സെക്കന്‍ഡ് എസിയില്‍ 3150ഉം രൂപ നല്‍കേണ്ടി വരും.

Related posts