ബജറ്റില്‍ ജില്ലയെ അവഗണിച്ചു: കൊടിക്കുന്നില്‍ സുരേഷ് എംപി

ALP-KODIKUNNILകൊല്ലം : ബജറ്റില്‍ കൊല്ലം ജില്ലയെ പാടെ അവഗണിച്ചതായി ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി ആരോപിച്ചു. ജില്ലയില്‍ നിന്ന് 11  എംഎല്‍എ മാരേയും എല്‍ഡിഎഫിന് സമ്മാനിച്ച കൊല്ലത്തിന് തീര്‍ത്തും അവഗണനയും അവഹേളനവുമാണ് ബജറ്റിലൂടെ നല്‍കിയത്. കശുവണ്ടി വികസന കോര്‍പ്പറേഷന് 100 കോടി നീക്കിവച്ച പ്രഖ്യാപനമല്ലാതെ ജില്ലയുടെ കാതലായ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ ജില്ലയിലെ ജനങ്ങളെയാകെ വഞ്ചിച്ചിരിക്കുകയാണ്. കശുവണ്ടി മേഖലയ്ക്ക് ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള 100 കോടിയേക്കാള്‍ കൂടിയ തുക കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

ജോലി സാദ്ധ്യതകള്‍ ഇല്ലാതാക്കുന്ന യന്ത്രവല്‍ക്കരണത്തിന് മുന്തിയ പരിഗണന നല്‍കുമെന്നുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്. അത്തരം നീക്കത്തെ തൊഴിലാളികളുടെ പിന്തുണയോടെ എന്തുവിലകൊടുത്തും ചെറുക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി മുന്നറിയിപ്പ് നല്‍കി. കൊല്ലത്തിന്റെ ടൂറിസം വികസനത്തിന് യാതൊരു പദ്ധതിയും ബജറ്റില്‍ നിര്‍ദ്ദേശിച്ചിട്ടില്ല. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി എന്നീ മേഖലകളില്‍ യാതൊരു പദ്ധതിയും ഈ ബജറ്റിലില്ലെന്നും കൊടിക്കുന്നില്‍ ആരോപിച്ചു

എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നപ്പോള്‍ ജില്ലാ ആസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വേണമെന്ന് വാദിച്ചിരുന്ന ടതുമുന്നണി ഈ ബഡ്ജറ്റില്‍ മെഡിക്കല്‍ കോളേജ് അനുവദിക്കുന്നതിന് തയ്യാറായിട്ടില്ല. വിലക്കയറ്റം നിയന്ത്രിക്കുന്നതിന് യാതൊരു നടപടിയും ബജറ്റില്‍ കാണുന്നില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. ചരക്കു സേവന നികുതി കൂട്ടിയും, ഡീസല്‍, പെട്രോള്‍ വിലവര്‍ധന സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ കേരളത്തിലെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പെട്രോളിനും ഡീസലിനുമുള്ള സെസ്എടുത്തുകളഞ്ഞിരുന്നു.

എന്നാല്‍ പുതിയ ബജറ്റില്‍ പെട്രോളിനും ഡീസലിനുമുള്ള സെസ് കുറയ്ക്കാത്തത് വിലവര്‍ദ്ധനവിന് കാരണമാകും. കേരളത്തിലെ യുവതീ യുവാക്കള്‍ക്ക് പ്രതീക്ഷ നല്‍കി അധികാരത്തിലെത്തിയ ഇടതുമുന്നണി രണ്ട് വര്‍ഷത്തേക്ക് നിയമന നിരോധനം ഏര്‍പ്പെടുത്തുക വഴി കേരളത്തിലെ ലക്ഷക്കണക്കിന് യുവതീ-യുവാക്കളെ വഞ്ചിക്കുകയും തെരെഞ്ഞെടുപ്പ് വാഗ്ദാന ലംഘനം നടത്തിയിരിക്കുകയുമാണെന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.

Related posts