ബസ് സ്‌റ്റോപ്പുകള്‍ ഇരുചക്രവാഹന പാര്‍ക്കിംഗ് കേന്ദ്രങ്ങളായി, യാത്രക്കാര്‍ നടുറോഡില്‍

alp-busstopആലപ്പുഴ:  നഗരസഭ ലക്ഷങ്ങള്‍ മുടക്കി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പു നിര്‍മിച്ച ബസ് ഷെല്‍ട്ടറുകളില്‍ പലതും  ഇരുചക്രവാഹന പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍. ബസ് ഷെല്‍ട്ടറുകള്‍ വാഹനങ്ങള്‍ കൈയടക്കിയതോടെ മഴയത്തും വെയിലത്തും  നടുറോഡില്‍ വാഹനങ്ങള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.  ജോലിക്കായി ദൂരസ്ഥലങ്ങളില്‍ പോകുന്നവരാണ് ബസ് ഷെല്‍ട്ടറുകള്‍ തങ്ങളുടെ വാഹന പാര്‍ക്കിംഗ് കേന്ദ്രങ്ങളാക്കിയിരിക്കുന്നത്.

നഗരസഭയെ കൂടാതെ ഡിടിപിസി വാടക്കനാല്‍ ഓരത്തും കൊമേഴ്‌സ്യല്‍ കനാല്‍ ഓരത്തും നിര്‍മിച്ച ഷെല്‍ട്ടറുകളും ഇത്തരത്തില്‍ വാഹന പാര്‍ക്കിംഗ് കേന്ദ്രങ്ങളായി കഴിഞ്ഞു.അതിരാവിലെ ഇവിടെ കൊണ്ടുവന്നു വയ്ക്കുന്ന വാഹനങ്ങള്‍ രാത്രിയിലാണു എടുത്തു കൊണ്ടുപോകുക. ഷെല്‍ട്ടറില്‍ കാത്തു നില്‍ക്കുന്നതിനു ഇടമില്ലാത്തതിനാല്‍ ബസുകളില്‍ കയറുന്നതിനായി യാത്രക്കാര്‍ റോഡിലേക്കിറങ്ങി നില്‍ക്കുന്ന അപകട ഭീഷണിയുയര്‍ത്തുന്നുണ്ട്. വീതികുറവായ നഗരത്തിലെ റോഡുകളിലൂടെ അനുവദനീയമായതിലും വേഗതയില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങളും അപകട ഭീഷണി വര്‍ധിപ്പിക്കുകയാണ്.

നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമീപത്തുള്ള ബസ് ഷെല്‍ട്ടറുകളാണ് പ്രധാനമായും  ഇരുചക്രവാഹനങ്ങള്‍ കൈയേ റിയിരിക്കുന്നത്. വൈകുന്നേരം  വിദ്യാര്‍ത്ഥികള്‍ ബസില്‍ കയറാന്‍ കൂട്ടമായെത്തുമ്പോള്‍ റോഡില്‍ നില്‍ക്കേണ്ടി വരുന്നു. ശവക്കോട്ടപാലത്തിനു സമീപത്തുള്ള ബസ് ഷെല്‍ട്ടറുകളില്‍ യാത്രക്കാര്‍ കയറാതായിട്ടു മാസങ്ങള്‍ പിന്നിട്ടു. ഇവിടെ  മഴപെയ്താല്‍ കയറി നില്‍ക്കാന്‍ പോലും കഴിയാത്ത തരത്തിലാണ് ഇരുചക്രവാഹനം സൂക്ഷിക്കുന്നത്. ബോട്ടുജെട്ടിക്ക് പടിഞ്ഞാറുവശമുള്ള ബസ് ഷെല്‍ട്ടര്‍ നിര്‍മിച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടുവെങ്കിലും ഇവിടേക്കെത്തിയ യാത്രക്കാരുടെ എണ്ണം വിരലിലെണ്ണാവുന്നതു മാത്രമാണ്.

ഉദ്ഘാടനം കഴിഞ്ഞതിനുശേഷം ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയ ഇവിടെ ബസുകള്‍ നിര്‍ത്താത്തതു കൂടിയായതോടെ യാത്രക്കാര്‍ ഷെല്‍ട്ടറിനെ കൈവെടിയുകയായിരുന്നു. സ്വകാര്യ ബസുകളെയും കെഎസ്ആര്‍ടിസി വാഹനങ്ങളെയും ആശ്രയിച്ചു യാത്ര ചെയ്യുന്ന പൊതുജനങ്ങള്‍ക്കു ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍  ബസ് ഷെല്‍ട്ടറുകളിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Related posts