ഗുരുവായൂര്‍: ബാങ്ക് മാനേജരുടെ തലയ്ക്കടിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്ന കേസില്‍ രണ്ട് പ്രതികളെ ഗുരുവായൂര്‍ പോലീസ് അറസ്റ്റു ചെയ്തു. കാസര്‍ഗോഡ് ചെങ്കുളം ചന്ദ്രന്‍പാറ ബാലകൃഷ്ണന്‍ (40), പെരിഞ്ഞനം ചെന്നറ വീട്ടില്‍ വിജീഷ് (28) എന്നിവരെയാണ് ക്ഷേത്രപരിസരത്തുനിന്ന് സിറ്റിപോലീസ് കമ്മീഷണറുടെ ഷാഡോ ടീം ഗുരുവായൂര്‍ സിഐ എന്‍. രാജേഷ്കുമാറിന്റെ സിഡി പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ബസിറങ്ങി വരികയായിരുന്ന തൃശൂര്‍ ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ ശ്രീകുമാറിന്റെ ഫോണാണ് തലയ്ക്കടിച്ച് കവര്‍ന്നത്. രാത്രി പത്തോടെ ഗുരുവായൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ സമീപമുള്ള റോഡിലൂടെ ഇദ്ദേഹം താമസിക്കുന്ന ഫഌറ്റിലേക്ക് പോകുകയായിരുന്നു. നാലുപേരടങ്ങുന്ന സംഘം ഇയാളെ പിന്നാലെകൂടി തലയ്ക്കടിച്ച് വീഴ്ത്തി ഫോണും കൊണ്ട് രക്ഷപ്പെട്ടു. പിടിയിലായവര്‍ മറ്റു മോഷണക്കേസുകളിലും പ്രതികളാണ്.
ഈ മാസം 13-ന് തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനുസമീപത്തുവച്ച് എന്‍ജിനീയര്‍ ഉദയകുമാറിന്റെ ആക്രമിച്ച് ഇദ്ദേഹത്തിന്റെ ബാഗ് പിടിച്ചുപറിച്ച് കീറി പണവും മൊബൈലും കവര്‍ന്നത് ഇതേ പ്രതികളാണ്. തീവണ്ടികളില്‍ കയറി ചാര്‍ജ് ചെയ്യാന്‍ വച്ചിട്ടുള്ള മൊബൈല്‍ കവര്‍ച്ച നടത്തുന്നത് പതിവാണെന്ന് പോലീസ് പറഞ്ഞു. ബൈക്ക് മോഷണം അടക്കമുള്ള പല മോഷണ കേസുകളിലും പ്രതികളാണ്. മതിലകം, ചാവക്കാട്, വലപ്പാട് തുടങ്ങിയ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ മോഷണക്കേസുകളുണ്ട്.
ഷാഡോ പോലീസ് എസ്‌ഐമാരായ എം.പി. ഡേവിസ്, വി.കെ. അന്‍സാര്‍, എഎസ്‌ഐമാരായ പി.എം. റാഫി, എന്‍.ജി. സുവര്‍ണകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. ഗോപാലകൃഷ്ണന്‍, ടി.വി. ജീവന്‍, കെ.ബി. വിപിന്‍ദാസ്, എം.ലിഗേഷ്, ഗുരുവായൂര്‍ സ്റ്റേഷനിലെ പി.എസ്. അനില്‍, വസന്ത് ഗോകുല്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. രണ്ടുപേരെകൂടി പിടികൂടാനുണ്ട്. ശബരിമല സീസണ്‍ അവസാനിക്കുന്നതുവരെ ഷാഡോ പോലീസിന്റെ സംഘവും ഗുരുവായൂരില്‍ ഉണ്ടാകും.