ഇരിട്ടി: കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയത്തിന്റെ സഹായത്തോടെ ബാരാപോള്‍ ജലവൈദ്യുത പദ്ധതി പ്രദേശത്ത് നിര്‍മിച്ച സൗരോര്‍ജ പദ്ധതി പ്രവര്‍ത്തനസജ്ജമായി. ഇതിന്റെ ഉദ്ഘാടനം അടുത്തമാസം ആദ്യം നടക്കും. വൈദ്യുതി വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം എം.എം മണിയുടെ ജില്ലയിലെ ആദ്യത്തെ പൊതുപരിപാടിയായിരിക്കുമിത്. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ രണ്ടുമാസം മുമ്പ് ബാരാപോളില്‍ സന്ദര്‍ശനം നടത്തിയ നിയമസഭാസമിതി സൗരോര്‍ജ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രവൃത്തിയുടെ വേഗത കൂടിയത്.
ബാരാപോള്‍ ജലവൈദ്യുത പദ്ധതിയില്‍നിന്നും ഉത്പാദിപ്പിക്കുന്ന 15 മെഗാവാട്ട് വൈദ്യുതിക്ക് സൗരോര്‍ജ പദ്ധതിയിലൂടെ നാല് മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ബാരാപോള്‍ മിനി ജലവൈദ്യുത പദ്ധതിയുടെ മൂന്നു കിലോമീറ്ററോളം വരുന്ന കനാലിനു മുകളില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിച്ച് മൂന്നു മെഗാവാട്ട് വൈദ്യുതിയും കനാലിന്റെ വശങ്ങളിലെ തരിശായ പ്രദേശത്ത് പാനല്‍ സ്ഥാപിച്ച് ഒരു മെഗാവാട്ട് വൈദ്യുതിയുമാണ് ഉത്പാദിപ്പിക്കുന്നത്.
ആകെ 35 കോടി രൂപ ചെലവുള്ള പ്രവൃത്തിക്ക് 6.7 കോടി രൂപ കേന്ദ്ര പാരമ്പര്യേതര ഊര്‍ജ മന്ത്രാലയം ധനസഹായമായി നല്‍കിയിട്ടുണ്ട്. മൂന്നു മെഗാവാട്ട് ശേഷിയുള്ള കനാല്‍ ടോപ്പ് പദ്ധതി കെല്‍ട്രോണിന് 25.983 കോടിക്കും ഒരു മെഗാവാട്ട് ശേഷിയുള്ള കനാല്‍ സമീപ പദ്ധതി ഹൈദരാബാദിലെ എഐസി സോളാര്‍ പ്രോജക്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് 6.75 കോടി രൂപയ്ക്കുമാണ് കരാര്‍ നല്‍കിയിരിക്കുന്നത്.— പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ഒരേസമയം ജലവൈദ്യുതിയും സൗരോര്‍ജ വൈദ്യുതിയും ലഭിക്കുന്ന കെഎസ്ഇബിയുടെ വൈദ്യുതോത്പാദനകേന്ദ്രമായി ബാരാപോള്‍ മാറും.
ജലവൈദ്യുത പദ്ധതിയുടെ തകരാറിലായ ഒരു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും അന്തിമഘട്ടത്തിലാണ്. മൂന്ന് ജനറേറ്ററുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചാല്‍ 15 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കാം. ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ പുഴയിലെ ജലം ഉപയോഗിച്ചും ബാക്കി മാസങ്ങളില്‍ സൗരോര്‍ജം ഉപയോഗിച്ചും വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. എന്നാല്‍, ഇക്കുറി കാലവര്‍ഷം ദുര്‍ബലമായതിനെത്തുടര്‍ന്ന് പുഴയില്‍ നീരൊഴുക്കു കുറഞ്ഞത് ജലവൈദ്യുതി ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.