ബാര്‍ജ് വഴിയുള്ള അമോണിയ നീക്കം നിലച്ചു; ഫാക്ടിന് പ്രതിദിനം രണ്ട് കോടി രൂപയുടെ ഉത്പാദന നഷ്ടം

EKM-AMONIAകളമശേരി: അപകടത്തെ തുടര്‍ന്ന് ബാര്‍ജ് വഴിയുള്ള അമോണിയ നീക്കം താല്‍ക്കാലികമായി നിലച്ചത് ഫാക്ടിന് തിരിച്ചടിയായി. അമോണിയ നീക്കം ഏതാണ്ട് സ്തംഭനാവസ്ഥയിലായതോടെ പ്രതിദിനം രണ്ട് കോടി രൂപയുടെ ഉത്പാദന നഷ്ടം  നേരിടുകയാണെന്ന് ഫാക്ട് മാനേജ്‌മെന്റ് പത്രകുറിപ്പില്‍ അറിയിച്ചു. നിലവിലെ സാമ്പത്തിക പ്രതിസന്ധി കൂടാതെയാണീ നഷ്ടം.

ദേശിയ തലത്തില്‍ തന്നെ പ്രശംസിക്കപ്പെട്ട ജലമാര്‍ഗത്തിലൂടെയുള്ള അമോണിയ നീക്കം നിലച്ചത് ബാര്‍ജ് ചോര്‍ന്നതിനെ തുടര്‍ന്നാണ്. ഇത് പുനരാരംഭിക്കാന്‍ വൈകുന്നത് ഫാക്ടിന് കടുത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതായാണ് മാനേജ്‌മെന്റ് പറയുന്നത്. അമോണിയ ചെലുത്തുന്ന മര്‍ദ്ദത്തിന്റെ പതിനൊന്നിരട്ടി പ്രതിരോധിക്കാവുന്ന ടാങ്കിലാണ് കൊണ്ടു പോകുന്നതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു .സാധാരണ സോഫ്റ്റ് ട്രിങ്ക് കുപ്പികളിലെ മര്‍ദ്ദത്തേക്കാള്‍ കുറവിലാണ് ബാര്‍ജിലെ ടാങ്കുകളില്‍ അമോണിയയുടെ മര്‍ദ്ദം. ഇത് ചതുരശ്ര സെന്റിമീറ്ററിന് രണ്ട് കിലോയില്‍ താഴെയാണ്. 22 കിലോ മര്‍ദ്ദം വരെ താങ്ങാന്‍ ശേഷിയിലാണ് ഈ ടാങ്കുകള്‍ നിര്‍മിച്ചിരിക്കുന്നത്.

അപകട സാധ്യത വളരെ കുറവാണെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഫാക്ടിന് ഒരു അത്യാഹിത ഘട്ടം കൈകാര്യം ചെയ്യാന്‍ ജില്ലാതല സംവിധാനവുമുണ്ട്.ഫാക്ട് ഉദ്യോഗമണ്ഡല്‍ ഡിവിഷന്‍ അമോണിയ ഉത്പാദിപ്പിക്കുകയും അതിന്റെ വലിയൊരു ഭാഗം അമ്പലമേടിലെ കൊച്ചിന്‍ ഡിവിഷനിലേക്ക് കൊണ്ടു പോകുകയുമാണ് ചെയ്യുന്നത്. റോഡ് വഴി ടാങ്കറിലാണ് അമോണിയ കൊണ്ടു പോയിരുന്നത്. ഗതാഗതക്കുരുക്കും ജനസാന്ദ്രതയും  കണക്കിലെടുത്ത് റോഡ് വഴി അമോണിയ കൊണ്ടു പോകുന്നതിന് പകരം ക്രമേണ ജലമാര്‍ഗം കൊണ്ടു പോകാന്‍ 2011 ല്‍ കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

കോടതി നിര്‍ദേശപ്രകാരമാണ്  കുടുതല്‍ ഭാഗം അമോണിയയും ബാര്‍ജ് വഴി കൊണ്ടുപോകുന്നത്. ദ്രവികൃത അമോണിയ ഹെയ്ല്‍ മേരി എന്ന ബാര്‍ജ് വഴിയാണ് കൊണ്ടുപോകാന്‍ തുടങ്ങിയത് 2013 നവംബര്‍ മുതല്‍ ഇതുവരെ 1.6 ലക്ഷം ടണ്‍ അമോണിയ ഈ ബാര്‍ജ് വഴി കൊണ്ടുപോയിട്ടുണ്ട് .ഈ ബാര്‍ജിന് കരുത്തേറിയ രൂപഘടനയും നിയമപ്രകാരം ആവശ്യമുള്ള മുന്‍കരുതലുകളായ വെള്ളം സ്‌പ്രേ ചെയ്യാനുള്ള പമ്പ്,  ശ്വസനോപകരണം, മുഖാവരണം  തുടങ്ങിയവ ലഭ്യമാണ്. ബാര്‍ജില്‍ വെവ്വേറെയായി ഘടിപ്പിച്ചിട്ടുള്ള ആറ് ടാങ്കുകളിലാണ് അമോണിയ നിറയ്ക്കുന്നത്.

നിയമപ്രകാരം ആവശ്യമുള്ള എല്ലാ അനുമതികളും ബാര്‍ജിനുണ്ട്. റീന എന്ന അന്തര്‍ദേശിയ സര്‍ട്ടിഫൈയിംഗ് എജന്‍സിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ്,  കേരള ഡയറക്ടറേറ്റ് ഓഫ് പോര്‍ട്ട്‌സില്‍ നിന്നുള്ള രജിസ്ട്രഷന്‍ എന്നിവയാണ് പ്രധാനപ്പെട്ടത്. ദക്ഷിണേന്ത്യയിലെ കര്‍ഷകര്‍ക്ക് പ്രധാനമായും വളം എത്തിക്കുന്നത്  ഫാക്ടില്‍ നിന്നാണ്. നിര്‍മ്മാണം നിലച്ചാല്‍ രാജ്യത്തിന്റെ ഈ മേഖലയിലെ സ്വയംപര്യാപ്തതയെ ബാധിക്കുമെന്ന് ഫാക്ട് മാനേജ്‌മെന്റ് വിശദമാക്കി.

Related posts