ബാര്‍: വിജിലന്‍സ് കോടതിയിലെ നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു മാണി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

maniകൊച്ചി: ബാര്‍ കോഴക്കേസില്‍ ആരോപണവിധേയനായ മുന്‍ ധനമന്ത്രി കെ.എം. മാണി വിജിലന്‍സ് കോടതിയിലെ നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബാര്‍ കോഴക്കേസ് അന്വേഷിച്ച എസ്പി സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും അതു പൂര്‍ത്തിയാകുന്നതുവരെ നടപടി നിര്‍ത്തിവയ്ക്കണമെന്നുമാണു ഹര്‍ജിയിലെ ആവശ്യം. വിജിലന്‍സ് എസ്പി ആര്‍. സുകേശനും ബാര്‍ ഉടമ ബിജു രമേശും ചേര്‍ന്നു സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തിയെന്ന കേസിലാണു സുകേശനെതിരേ അന്വേഷണം നടക്കുന്നത്.

ബിജുവുമായി ചേര്‍ന്നു നാലു മന്ത്രിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ സുകേശനാണു പ്രേരിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ എന്‍. ശങ്കര്‍ റെഡ്ഢിയാണു സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. ബാര്‍കോഴ അന്വേഷിച്ച സുകേശന്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരേ കുറ്റപത്രം നല്‍കണമെന്നു വസ്തുതാ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍, കോഴ വാങ്ങിയതിനു തെളിവില്ലെന്നായിരുന്നു അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോളിന്റെ അഭിപ്രായം. തുടര്‍ന്ന് അന്തിമ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചു.

മാണിക്കെതിരെ തെളിവില്ലാത്തതിനാര്‍ കേസ് അവസാനിപ്പിക്കണമെന്ന അന്തിമ റിപ്പോര്‍ട്ട് കഴിഞ്ഞ ഒക്ടോബറില്‍ എസ്പി കോടതിയില്‍ ഹര്‍ജി നല്‍കി. അതു തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഈ അന്വേഷണത്തിലാണു മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്. ഇത് 16ന് വിജിലന്‍സ് കോടതി പരിഗണിക്കാനിരിക്കെയാണു കെ.എം. മാണി ഇന്നലെ തുടര്‍നടപടിക്കു സ്റ്റേ ആവശ്യപ്പെട്ടു ഹൈക്കേടതിയെ സമീപിച്ചത്.

Related posts