ഒറ്റപ്പാലം: ബാറിലെ മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മധ്യവയസ്കന്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ആറുവര്‍ഷം കഠിന തടവ്. ഓങ്ങല്ലൂര്‍ കള്ളാടിപ്പറ്റ വീട്ടില്‍ മുജീബ് റഹ്്മാനെയാണ് (37) കോടതി ശിക്ഷിച്ചത്. ഒറ്റപ്പാലം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി.സി. പോള്‍സണാണ് കേസില്‍ വിധി പറഞ്ഞത്. 2014 ഓഗസ്റ്റ് 21നായിരുന്നു പട്ടാമ്പിയിലെ ബാറിനു മുമ്പില്‍ കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപാനത്തിനുശേഷമുണ്ടായ വാക്കേറ്റത്തില്‍ പ്രതി കൂടെയുണ്ടായിരുന്ന വല്ലപ്പുഴ ചാത്തന്‍കുളം വീട്ടില്‍ അക്ബര്‍ (57) നെ മര്‍ദ്ദിക്കുകയായിരുന്നു.
കൈകൊണ്ട് അടിച്ചപ്പോള്‍ അക്ബര്‍ മതിലിലിടിച്ചുവീണെന്നും എഴുന്നേറ്റപ്പോള്‍ പിന്നേയും അടിച്ചുവീഴ്ത്തി നെഞ്ചിലും തലയിലും മുഖത്തുംചവിട്ടിയെന്നായിരുന്നു കേസ്. ഗുരുതരമായി പരിക്കേറ്റ ഇയാളെ പട്ടാമ്പി സര്‍ക്കാര്‍ ആശുപത്രിയിലും തൃശൂര്‍ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചെങ്കിലും പിറ്റേന്ന് മരിച്ചു. പട്ടാമ്പി സിഐ ആയിരുന്ന എ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസാണ് കേസ് അന്വേഷിച്ചത്.
പ്രതിയെ മൂന്നു ദിവസത്തിനുശേഷം ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് അറസ്റ്റുചെയ്തിരുന്നു. കൊലപാതക കുറ്റമാണ് ചുമത്തിയതെങ്കിലും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യയ്്ക്കാണ് ശിക്ഷ വിധിച്ചത്. പ്രതി ജയിലില്‍ കിടന്ന രണ്ടുവര്‍ഷം കുറച്ച് ബാക്കി നാലുവര്‍ഷം ശിക്ഷ അനുഭവിച്ചാല്‍ മതിയാകും. കേസില്‍ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി. രവിശങ്കര്‍ ഹാജരായി.