തിരുവനന്തപുരം: ബിജെപി സഖ്യത്തിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കേരളത്തിലെത്തും. ഇന്നുച്ചകഴിഞ്ഞു രണ്ടിനു പാലക്കാട് വലിയകോട്ട മൈതാനത്താണ് പ്രധാനമന്ത്രിയുടെ ആദ്യ പരിപാടി. പ്രത്യേക വിമാനത്തില്‍ കോയമ്പത്തൂരിലെത്തുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഉച്ചകഴിഞ്ഞ് ഒന്നേമുക്കാലോടെ പാലക്കാട് മേഴ്‌സി കോളജില്‍ പ്രത്യേകം തയാറാക്കിയ ഹെലിപ്പാഡില്‍ വന്നിറങ്ങും.
ഇന്നത്തെ പരിപാടിക്കു പുറമേ 8, 11 തീയതികളിലായി കേരളത്തില്‍ ആകെ അഞ്ച് റാലികളില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. എട്ടിനു മോദിക്കു മൂന്നു പരിപാടികളാണുള്ളത്. രാവിലെ 9.30ന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്തും ഉച്ചയ്ക്ക് 12.45ന് എടത്വ ലൂര്‍ദ് മാതാ സ്കൂള്‍ ഗ്രൗണ്ടിലും വൈകുന്നേരം 6.40ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തിലുമുള്ള പരിപാടികളില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. 11ന് വൈകുന്നേരം 7.35ന് തൃപ്പൂണിത്തുറ പുതിയകാവ് മൈതാനത്താണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു റാലി.