ന്യൂഡല്‍ഹി: ബിസിസിഐ പരിഷ്കരണത്തിനുള്ള ജസ്റ്റീസ് ആര്‍.എം. ലോധ സമിതി ശിപാര്‍ശകള്‍ നടപ്പിലാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ ഭരണസമിതി നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ലോധ സമിതി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാവാത്തതാണെന്നും വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിനു വിടണമെന്നും ആവശ്യപ്പെട്ടാണ് ബിസിസിഐ പുനഃപരിശോധനാ ഹര്‍ജി നല്‍കിയത്. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കുര്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി ചേംബറില്‍ പരിശോധിച്ച് തള്ളുകയായിരുന്നു. ഹര്‍ജി പരിഗണിക്കുന്നതില്‍നിന്നു ചീഫ് ജസ്റ്റീസ് ഠാക്കുര്‍ മാറിനില്‍ക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതിനെതിരേയുള്ള ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുന്നതിനിടെയാണ് ബിസിസിഐ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഇതോടെ, ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനാവില്ലെന്ന ഭരണസമിതിയുടെ നിയമപരമായ വാദങ്ങള്‍ അവസാനിച്ചു. ഇനിയും തിരുത്തല്‍ ഹര്‍ജി നല്‍കാമെങ്കിലും ഇതും ചേംബറില്‍ പരിശോധിച്ച് അതേ ബെഞ്ച് തന്നെ വിധിപറയുകയാവും ഉണ്ടാകുക. അതിനിടെ, ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതിനെതിരേ നല്‍കിയ ഹര്‍ജികളില്‍ കോടതി തിങ്കളാഴ്ച വാദം പൂര്‍ത്തിയാക്കിയിരുന്നു.
ബിസിസിഐയുടെ കേന്ദ്ര, സംസ്ഥാന ബോര്‍ഡുകളില്‍ സമൂല മാറ്റത്തിനുള്ള പരിഷ്കരണ നടപടികള്‍ക്കു നിര്‍ദേശിക്കുന്ന ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുമോയെന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കാനായിരുന്നു കോടതി ഭരണസമിതിയോടു നിര്‍ദേശിച്ചിരുന്നത്.
മന്ത്രിമാര്‍ക്കോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കോ ബിസിസിഐ, സംസ്ഥാന ബോര്‍ഡുകളില്‍ പദവി പാടില്ല, ഒരാള്‍ക്ക് ഒരു പദവി, ഒരു സംസ്ഥാനത്ത് ഒരു അസോസിയേഷന് മാത്രം വോട്ടവകാശം, എഴുപത് വയസിനു മുകളിലുള്ളവര്‍ ഭരണസമിതിയിലുണ്ടാകരുത്, സിഎജി പ്രതിനിധിയെ ഭരണസമിതിയില്‍ ഉള്‍പ്പെടുത്തണം, ബിസിസിഐയെ വിവരാവകാശ നിയമത്തിന് കീഴില്‍ കൊണ്ടുവരണം, ബിസിസിഐ്ക്കും ഐപിഎലിനും വെവ്വേറെ ഭരണസമിതികള്‍ വേണം, ബിസിസിഐ ഭാരവാഹിയായിരിക്കെ മറ്റ് അസോസിയേഷന്‍ ഭാരവാഹിത്വം പാടില്ല എന്നിങ്ങനെയായിരുന്നു ലോധ കമ്മിറ്റി മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍. നാലില്‍ മൂന്ന് സംസ്ഥാന സമിതികളും അതിനെ എതിര്‍ക്കുന്നതിനാല്‍ നടപ്പിലാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്നും വിഷയം ഭരണഘടനാ പ്രശ്‌നമായതിനാല്‍ അഞ്ചംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടണമെന്നുമായിരുന്നു ബിസിസിഐ നല്‍കിയ ഹര്‍ജിയിലെ ആവശ്യം.
ലോധ സമിതിയുടെ ശിപാര്‍ശകളില്‍ ചില സംശയങ്ങളുണ്ടെന്നും നടപ്പിലാക്കുന്നതിനായി കൂടുതല്‍ സമയം ആവശ്യമുണ്ടെന്നും ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കുര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, നിലവിലെ ഭരണസമിതി തടസങ്ങള്‍ ഉന്നയിച്ച് നടപടികള്‍ അട്ടിമറിക്കുകയാണെന്നും അതിനാല്‍ അഡ്മിനിസ്‌ട്രേറ്ററെ നിയമിച്ച് നടപടികള്‍ക്ക് ഉത്തരവിടണമെന്നും ലോധ കമ്മിറ്റിക്കു വേണ്ടി ഹാജരായ അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യവും ആവശ്യപ്പെട്ടിരുന്നു. ഈ മാസം ഏഴ് വരെയായിരുന്നു ലോധ കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പിലാക്കുന്നതിനു ബിസിസിഐക്ക് സുപ്രീം കോടതി അനുവദിച്ചിരുന്ന സമയം. കേസ് പരിഗണിച്ച വേളയിലെല്ലാം കോടതി രൂക്ഷമായ ഭാഷയിലാണ് ബിസിസിഐ നടപടികളെ വിമര്‍ശിച്ചിരുന്നത്.
ജിജി ലൂക്കോസ്