സ്പോര്‍ട്സ് ലേഖകന്‍
മൊഹാലി: ബിസിസിഐക്ക് എന്ത് ഐസിസി. കളിയും സാഹചര്യങ്ങളെയും നിയന്ത്രിക്കുന്നത് ബിസിസിഐ തന്നെയാണെന്നു തെളിയിക്കുന്ന മറ്റൊരു ഉദാഹരണം കൂടി ഇതാ. ഇന്നലെ ഇവിടെ നടന്ന ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തില്‍ ആദ്യം തീരുമാനിച്ച പിച്ച് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെയും ബിസിസിഐയുടെയും ആവശ്യപ്രകാരം ഐസിസി മാറ്റി. പാക്കിസ്ഥാനും ഓസ്ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടിയ അതേ ട്രാക്കില്ത്തന്നെയാണ് ഓസീസ്- ഇന്ത്യ മത്സരവും തീരുമാനിച്ചിരുന്നത്. എന്നാല്‍, രണ്ടു ദിവസം മുമ്പ് ഇവിടെയെത്തി പരിശോധന നടത്തിയ ഇന്ത്യന്‍ ടീം മാനേജ്മെന്റിന് പിച്ച് അത്ര പിടിച്ചില്ല. ഇതേത്തുടര്‍ന്ന് തൊട്ടടുത്തുള്ള മറ്റൊരു പിച്ചിലേക്ക് കളി മാറ്റാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തയാറാവുകയായിരുന്നു. നിലവിലെ പിച്ച് സ്പിന്നിനെ പിന്തുണയ്ക്കുന്നതും അപ്രതീക്ഷിത ബൗണ്‍സ് ലഭിക്കുന്നതുമാണെന്നാണ് ഇന്ത്യ കരുതുന്നത്.
ഇതേ അവസ്ഥതന്നെയായിരുന്നു നാഗ്പൂരിലും ഉണ്ടായിരുന്നത്. ഇന്ത്യയുടെ സമ്മര്‍ദത്തിനു വഴങ്ങി നാഗ്പൂര്‍ പിച്ച് സ്പിന്‍ അനുകൂലമാക്കി. എന്നാല്‍, വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറയും പോലെ ആ മത്സരത്തില്‍ ഇന്ത്യ കിവീസിനോടു ദയനീയമായി പരാജയപ്പെട്ടു.കിവി സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്നറും ഇഷ് സോധിയും ഇന്ത്യന്‍ ബാറ്റ്സ്മാന്മാരെ വെള്ളം കുടിപ്പിച്ചു.