ബാബു ചെറിയാന്‍
കോഴിക്കോട്: ചൈത്രം എന്നാല്‍ ഭാരതത്തിന്റെ ദേശീയ സിവില്‍ കലണ്ടറനുസരിച്ച് ആദ്യമാസം. വസന്തം പൂത്തുലയുന്ന ചൈത്രമാസത്തിലെ ആദ്യ നാളുകളില്‍ ഈശ്വരന്‍ പ്രപഞ്ച സൃഷ്ടി തുടങ്ങി എന്നത് ഭാരതീയ വിശ്വാസം. കോഴിക്കോട് ഈസ്റ്റ്ഹില്‍ സ്വദേശി ഡോ. ജോണ്‍ ജോസഫ്-ഡോ. മേരി എബ്രഹാം ദമ്പതികള്‍ക്ക് പിറന്ന ആദ്യത്തെ കണ്‍മണിയ്ക്ക് അവര്‍ അതുകൊണ്ടുതന്നെ ചൈത്രയെന്നു പേരിട്ടു. നാടിനും വീടിനും വസന്തമായി മാറിയ ചൈത്ര തെരേസ് ജോണ്‍ ഐപിഎസ് എന്ന ഈ മലയാളി പെണ്‍കൊടി, ഹൈദരാബാദ് നാഷണല്‍ പോലീസ് അക്കാദമിയിലെ തീവ്ര പരിശീലനത്തിനുശേഷം ഇന്ന് ഫീല്‍ഡിലേക്ക് ഇറങ്ങുന്നു.
ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാദമിയില്‍ ഇന്നു രാവിലെ 8.30ന് നടക്കുന്ന പാസിങ്ങ്ഔട്ട് പരേഡില്‍ കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, ചൈത്രയടക്കം 109 ഐപിഎസ് പ്രൊബേഷണേഴ്‌സില്‍ നിന്ന സല്യൂട്ട് സ്വീകരിക്കും. മികച്ച ഓള്‍റൗണ്ട് വനിതാ പ്രൊബേഷണര്‍, മികച്ച വനിത ഔട്ട്‌ഡോര്‍ പ്രൊബേഷണര്‍ എന്നിവയ്ക്കുള്ള ട്രോഫികള്‍ ചൈത്ര ഏറ്റുവാങ്ങും. ഹൈദരാബാദ് പോലീസ് അക്കാദമിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരാള്‍ ഓള്‍റൗണ്ടിലും, ഔട്ട്‌ഡോര്‍ ഇനങ്ങളിലും ഒരേപോലെ തിളങ്ങിയത്. കേരള കാഡറിലായിരിക്കും മലയാളിയുടെ അഭിമാനമായി മാറിയ ചൈത്രയുടെ നിയമനം.
മുന്‍പ് ഡിആര്‍ഐയില്‍ ഓഫീസറായ പിതാവിന് പലയിടങ്ങളില്‍ ജോലിചെയ്യേണ്ടിവന്നതിനാല്‍ സെന്‍ട്രല്‍ സ്കൂളിലായിരുന്നു ചൈത്രയുടെ സ്കൂള്‍ വിദ്യാഭ്യാസം. ബംഗളൂരുവില്‍ ബിഎ സോഷ്യോളജി പൂര്‍ത്തിയാക്കി അതേ വിഷയത്തില്‍ ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് മാസ്റ്റര്‍ ബരുദമെടുത്തു. സിവില്‍ സര്‍വീസ് പരീക്ഷീച്ച് ആദ്യം ഐആര്‍ടിഎസ് കരസ്ഥമാക്കി. ഐആര്‍ടിഎസ് രാജിവച്ചാണ് ഐപിഎസില്‍ ചേര്‍ന്നത്. കഠിനാധ്വാനത്തിന് തയാറെങ്കില്‍ ഏതൊരു പെണ്‍കുട്ടിയ്ക്കും ലക്ഷ്യം നേടാന്‍ കഴിയുമെന്ന് താന്‍ ജീവിതംകൊണ്ടു തെളിയിച്ചതായി ചൈത്ര പറയുന്നു.
‘നാഷണല്‍ പോലീസ് അക്കാദമിയിലെ എന്റെ ആദ്യനാള്‍ ആകാംഷാഭരിതമായിരുന്നു. കായിക പരിശീലന പ്രദര്‍ശനം കണ്ട് ആദ്യ ദിവസം ഞാന്‍ ഞെട്ടിത്തരിച്ചുപോയി. എനിക്ക് ഇങ്ങനെയൊക്ക ചെയ്യാന്‍ കഴിയുമോ എന്ന ആശങ്ക കുറച്ചുനാള്‍ നീണ്ടു. ശരിക്കും ഭയന്ന ദിനങ്ങള്‍. പക്ഷെ പരിശീലകരുടെ പ്രോത്സാഹനവും അക്കാദമി ഡയരക്ടര്‍ അരുണ മാഡത്തിന്റെ സപ്പോര്‍ട്ടും ലഭിച്ചപ്പോള്‍ എല്ലാ ആശങ്കകളും മാറി. ബെസ്റ്റ് കേഡറ്റ് ആകണമെന്ന ആഗ്രഹം കഠിനപ്രയത്‌നത്തിലൂടെ ഈശ്വരന്‍ സാധിപ്പിച്ചുതന്നിരിക്കയാണ്’ ചൈത്രയുടെ വാക്കകളില്‍ ആവേശം.
ഐപിഎസ് കേരള കേഡറില്‍ മുമ്പ് മൂന്നു പുരുഷന്മാര്‍ക്ക് ബെസ്റ്റ് പ്രൊബേഷണേഴ്‌സ് ട്രോഫി ലഭിച്ചിട്ടുണ്ട്. മുന്‍ ഡിജിപിമാരായിരുന്ന 1969 കേഡറിലെ കെ.ജെ.ജോസഫ്, 1975 കേഡറിലെ ജേക്കബ് പുന്നൂസ് എന്നിവരായിരുന്നു ബെസ്റ്റ് പ്രൊബേഷണേഴ്‌സ്. ഇപ്പോഴത്തെ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് ആയിരുന്നു 1985 കേഡറിലെ ബെസ്റ്റ് ഔട്ട്‌ഡോര്‍ പ്രൊബേഷണര്‍.
ഇന്നു പുറത്തിറങ്ങുന്ന 68-ാം ഐപിഎസ് ബാച്ചില്‍ 26 വനിതകളടക്കം 109 പ്രൊബേഷണേഴ്‌സ് ആണുള്ളത്. ഇവരില്‍ ഭൂരിഭാഗവും എഞ്ചിനിയറിങ്ങ് ബിരുദധാരികളാണ്. ഡോക്ടര്‍മാര്‍, എംബിഎ ബിരുദധാരികള്‍,ഒരു എംഫില്‍ ബിദുദധാരി എന്നിവരടങ്ങുന്ന ബാച്ചില്‍ 15 വിദേശ കേഡറ്റുകളുമുണ്ട്. റോയല്‍ ഭൂട്ടാന്‍ പോലീസിലെ ആറു പേര്‍, നേപ്പാള്‍ പോലീസിലെ അഞ്ച്, മാലിദ്വീപ് പോലീസിലെ നാല് എന്നിങ്ങനെയാണ് വിദേശ കേഡറ്റുകള്‍.
മുന്‍ ബാച്ചുകളെ അപേക്ഷിച്ച് 68-ാമത് ബാച്ചിന് തീവ്രപരിശീലനം നല്‍കിയതായി അക്കാദമി ഡയരക്ടര്‍ അരുണ.എം.ബഹുഗുണ പറയുന്നു. ‘ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നത് പഠിക്കാനായി അവരെ തമിഴുനാട് തെരഞ്ഞടുപ്പിലും, ഉജ്ജൈന്‍ കുംഭമേളയിലും,ഹൈദരാബാദിലെ ഗണേശോത്സവത്തിലും ഡ്യൂട്ടിക്കിട്ടു.ട്രാഫിക് നിയന്ത്രണം പരിശീലിക്കുന്നതിനായി തിരക്കേറിയ ബംഗളൂരുവിലായിരുന്നു ഡ്യൂട്ടി. വനത്തിലും, നഗരപ്രാന്തങ്ങളിലും അവര്‍ക്ക് തിവ്ര പരിശീലനം നല്‍കി. മാതൃകാ പോലീസ് സ്‌റ്റേഷനുകളിലെ ബാരക്കുകളില്‍ താമസിച്ച് മറ്റു പോലീസുകാര്‍ക്കൊപ്പം പോതുജനങ്ങളില്‍നിന്ന് പരാതി സ്വീകരിച്ചു.
ആധുനീക ആയുധങ്ങളില്‍ വിദഗ്ദപരിശീലനം ലഭിച്ച ഈ ബാച്ച് മികച്ച കമാന്‍ഡോകള്‍ കൂടിയാണ്’ അക്കാദമി ഡയരക്ടര്‍ പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ തുറമുഖമായ ന്യൂമുംബൈ പോര്‍ട്ടില്‍ ചീഫ് കമ്മീഷണറാണ് ചൈത്രയുടെ പിതാവ് ഡോ.ജോണ്‍ ജോസഫ്. അമ്മ ഡോ.മേരി എബ്രഹാം കോഴിക്കോട്ട് വെറ്റിനറി ഡെപ്യൂട്ടി ഡയരക്ടറും. ഏക സഹോദരന്‍ ഡോ.മനോജ് എബ്രഹാം തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ എംഎസ് ഓര്‍ത്തോ രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ്.