കേരളം സുരക്ഷിത താവളം ! പൗരത്വ ഭേദഗതി നിയമം ഇവിടെ നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടികയറുന്നുവെന്ന് സൂചന…

കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന പ്രതീക്ഷയില്‍ അസമിലെ അഭയാര്‍ഥികള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് വണ്ടി കയറുന്നതായി സൂചന. പൗരത്വ രജിസ്റ്ററും പൗരത്വ ഭേദഗതി ബില്ലും സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ മുറുകുന്നതിനിടെയാണ് കേരളം സുരക്ഷിത സംസ്ഥാന എന്നു കണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കൊപ്പം അഭയാര്‍ഥികളും കേരളത്തിലേക്ക് വരുന്നത് എന്നാണ് വിവരം. വടക്കന്‍ ജില്ലകളിലടക്കം രഹസ്യാന്വേഷണ ഏജന്‍സികളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

അസമില്‍ രണ്ടു ലക്ഷത്തിലധികം അനധികൃത കുടിയേറ്റക്കാരുണ്ടെന്ന് പൗരത്വപട്ടികയില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ കൂടുതലും ബംഗ്‌ളാദേശില്‍ നിന്നും എത്തിയവരാണ്. അസമില്‍ സ്വന്തമായും വാടകയ്ക്കും താമസിക്കുന്ന ഇവരെ മാറ്റി പാര്‍പ്പിക്കാനായി ക്യാമ്പുകള്‍ ഒരുങ്ങുകയാണ്. അസമിന്റെ തലസ്ഥാനമായ ഗുവാഹത്തിയില്‍ നിന്നും 134 കിലോമീറ്റര്‍ മാറിയാണ് പുതിയ ക്യാമ്പുകള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരം ഭയങ്ങളാണ് ഇവരെ പലായനത്തിന് പ്രേരിപ്പിക്കുന്നതെന്നാണ് പറയുന്നത്.

കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ നിരവധിയുള്ളതിനാല്‍ ഇവര്‍ക്കിടയിലേക്കാണ് പൗരത്വപട്ടികയില്‍ കയറാനാവാത്തവരുടെയും കടന്നുവരവ്. അതേസമയം, കേരളം പൗരത്വ ഭേദഗതി ബില്ലിനും പൗരത്വ രജിസ്റ്ററിനും എതിരെ സ്വീകരിക്കുന്ന നിലപാടുകളില്‍ പ്രതീക്ഷയര്‍പ്പിച്ചാണിതെന്നും പറയപ്പെടുന്നു.

മലബാറില്‍ കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഇത്തരക്കാര്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം നല്കിയിരിക്കുന്ന വിവരം. ഇതര സംസ്ഥാനക്കാരുടെ കേന്ദ്രമായ എറണാകുളത്തെ പെരുമ്പാവൂര്‍ അടക്കമുള്ള പ്രദേശങ്ങളിലും ആസമിലെ കുടിയേറ്റക്കാര്‍ എത്തിയിട്ടുണ്ടെന്നും സൂചനയുണ്ട്.
ഇവരെ ഇവിടേക്ക് എത്തിക്കാന്‍ ചില ഏജന്റുമാരും പ്രവര്‍ത്തിക്കുന്നതായി വിവരമുണ്ട്.

പൗരത്വ ഭേദഗതി ബില്ലിനെതിരേ കേരളത്തിലുണ്ടായ പ്രതിഷേധവും പ്രതിരോധവും രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടതാണ്. കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ കേരളത്തില്‍ ഒരു തടങ്കല്‍ പാളയവും പണിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്കിയിട്ടുണ്ട്. അസമില്‍ തങ്ങള്‍ക്കുനേരെ അതിക്രമങ്ങള്‍ ഉണ്ടാകുമോ എന്ന ഭയവും കേരളം സുരക്ഷിതമാണെന്ന ചിന്തയുമാണ് ഈ പാലായനത്തിനു പിന്നിലെന്നാണ് വിവരം.

കര്‍ണാടകയിലെ കുടക് മേഖലയിലെ തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ചിലര്‍ ബംഗ്‌ളാദേശ് പൗരന്മാരാണെന്ന പരാതിയില്‍ കഴിഞ്ഞദിവസം ആയിരക്കണക്കിന് പേരുടെ പൗരത്വ രേഖകള്‍ പൊലീസ് പരിശോധിച്ചിരുന്നു. മതിയായ രേഖകളില്ലാത്തവരെ തിരിച്ചയയ്ക്കാന്‍ തൊഴില്‍ ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് വിവാദമാവുകയും ചെയ്തു.

എന്നാല്‍, കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പരിശോധനയെന്നാണ് പൊലീസ് അറിയിച്ചത്. കര്‍ണാടകയിലും തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുന്നുണ്ട്. ഇതോടെ മറ്റൊരു സംസ്ഥാനത്തും തങ്ങള്‍ സുരക്ഷിതരല്ലെന്ന ആശങ്കയിലാണ് ഇവര്‍ കേരളത്തെ ലക്ഷ്യസ്ഥാനമായി കണ്ട് യാത്ര തിരിക്കുന്നത്.

Related posts

Leave a Comment