ലാഗോസ്: ഇസ്‌ലാമിസ്റ്റ് ഭീകരസംഘടന ബോക്കോ ഹറാമിന്റെ നിയന്ത്രണം ഐഎസ് ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. ഇതോടെ നൈജീരിയയില്‍ ശരിയത്ത് നടപ്പാക്കുന്നതിനുവേണ്ടി സമരം നടത്തുന്ന ഇസ്‌ലാമിസ്റ്റ് ഭീകരസംഘടന ബോക്കോ ഹറാമില്‍ ഭിന്നിപ്പായെന്നാണു റിപ്പോര്‍ട്ട്. പുതിയ നേതാവായി അബു മുസാബ് അല്‍ ബര്‍നാവിയെ ഐഎസ് പ്രഖ്യാപിച്ചത് ചോദ്യം ചെയ്ത് നിലവിലുള്ള നേതാവ് അബുബക്കര്‍ ഷെക്കാക്കു രംഗത്തെത്തി.
താന്‍ ചതിക്കപ്പെട്ടെന്നും അല്‍ ബര്‍നാവി അട്ടിമറി നടത്തുകയാണു ചെയ്തതെന്നും ഷെക്കാക്കു പുറത്തുവിട്ട പത്തുമിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ സന്ദേശത്തില്‍ ആരോപിച്ചു. ബിബിസി റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം.ഇതിനിടെ ക്രൈസ്തവ ദേവാലയങ്ങളില്‍ ബോംബാക്രമണം നടത്തുമെന്നും ക്രൈസ്തവരെ വധിക്കുമെന്നും പുതിയ നേതാവ് ബര്‍നാവി ഭീഷണി മുഴക്കി.
ഐഎസ് പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുസ്‌ലിംകള്‍ക്കും മോസ്കുകള്‍ക്കും നേരേയുള്ള ആക്രമണം അവസാനിപ്പിക്കും.ബോക്കോ ഹറാം തീവ്രവാദികള്‍ മോസ്കുകളില്‍ ചാവേര്‍ ആക്രമണം നടത്തി നിരവധി പേരെ മുന്‍കാലങ്ങളില്‍ വകവരുത്തിയിരുന്നു. ഇത് അവസാനിപ്പിച്ച് ക്രൈസ്തവരെ ലക്ഷ്യമിടാനാണു അല്‍ബര്‍നാവിയുടെ തീരുമാനം.