ബോട്ടിനുള്ളില്‍ മത്സ്യതൊഴിലാളി ഷോക്കേറ്റ് മരിച്ചസംഭവം: മറ്റ് തൊഴിലാളികളെ ചോദ്യം ചെയ്യും

klm-CRIMEകൊല്ലം:  മത്സ്യബന്ധനത്തിനിടയില്‍ ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളിലൊരാള്‍ ഷോക്കേറ്റു മരിച്ച സംഭവത്തില്‍ ബോട്ടിലെ മറ്റ് തൊഴിലാളിലാളികളെ  ഇന്ന് വിശദമായി ചോദ്യം ചെയ്യുമെന്ന് നീണ്ടകര കോസ്റ്റല്‍ സിഐ സാജുജോര്‍ജ്  പറഞ്ഞു. ചവറ ചെറുശേരിഭാഗം മല്ലൂര്‍ വീട്ടില്‍ ബാബുവാണ് മരിച്ചത്. അരവിള സ്വദേശി പോളിന്റെ അന്തോണീസ് എന്ന ബോട്ടിലെ തൊഴിലാളിയായിരുന്നു ബാബു. ബോട്ടില്‍ ഒമ്പത് തൊഴിലാളികളുണ്ടായിരുന്നു. ഇന്നലെ രാത്രി 11ഓടെയാണ് സംഭവം.ഇന്‍വര്‍ട്ടറില്‍നിന്ന് ഇരുമ്പുപൈപ്പിലേക്ക് വൈദ്യുതിയെത്തിയതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

ബോട്ടിലെ കൈവരിയിലെ പൈപ്പില്‍ പിടിച്ചുനിന്ന ബാബുവിന് ഷോക്കേല്‍ക്കുകയായിരുന്നുവെന്നാണ് മറ്റ് തൊഴിലാളികള്‍ പറയുന്നത്.  ഷോക്കേറ്റ ബാബു ബോട്ടിലേക്ക് തന്നെ തെറിച്ചുവീഴുകയായിരുന്നു. ഇത് കണ്ട മറ്റ് തൊഴിലാളികള്‍ ഉടന്‍ തന്നെ ബോട്ട് കരയ്‌ക്കെത്തിച്ച് ബാബുവിനെ ആശുപത്രിയിലെത്തി ച്ചെങ്കിലും അന്ത്യം സംഭവിച്ചു. മൃതദേഹം ജില്ലാആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രിയില്‍തന്നെ പോലീസെത്തി മറ്റ് തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു.

ട്രോളിംഗ് നിരോധനകാലത്ത് ബോട്ടിന്റെ അറ്റകുറ്റപണി നടത്തുക പതിവാണ്. അപകടമുണ്ടായ ബോട്ട് അറ്റകുറ്റപണി നടത്തിയിട്ടുണേ്ടായെന്ന് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പരിശോധന നടത്തും. ഇതിനുള്ള  നടപടിക്രമങ്ങള്‍ നടത്തിയതായും കോസ്റ്റല്‍ സിഐ പറഞ്ഞു. പിന്നീട് മാത്രമെ ബോട്ടുടമക്കെതിരെ കേസെടുക്കുകയുള്ളു. മേരിയാണ് ബാബുവിന്റെ ഭാര്യ. ഇവര്‍ക്ക് മൂന്നുമക്കളുണ്ട്.

Related posts