കൊട്ടാരക്കര: ഭക്ഷണശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും വില്‍ക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളെല്ലാം മായം കലര്‍ന്നവ. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു കാരണമാകുന്ന ചേരുവകള്‍ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഇവ കണ്ടെത്താനോ നടപടികള്‍ സ്വീകരിക്കുവാനോ ബന്ധപ്പെട്ട അധികൃതര്‍ തയാറാകുന്നില്ല. ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും കടുത്ത അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാട്ടി വരുന്നത്.
വിപണിയില്‍ ലഭിക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളും മായം കലര്‍ന്നതാണെന്നാണ് പൊതുജനാഭിപ്രായം. നാട്ടിന്‍ പുറങ്ങളിലെ ചായക്കടകളില്‍ പോലും ഇപ്പോള്‍ റെഡിമെയ്ഡ് ഭക്ഷണ സാധനങ്ങള്‍ വിറ്റു വരുന്നുണ്ട്. നഗരമേഖലകളിലെല്ലാം വളരെക്കാലമായി വ്യാപാരം ഈ രീതിയിലാണു നടന്നു വരുന്നത്. അപ്പവും ഇഡലിയും എണ്ണപലഹാരങ്ങളും നാലു മണി പലഹാരങ്ങളുമെല്ലാം വരവാണ്.
പല ഹോട്ടലുകളിലും വിളമ്പുന്ന ചോറു പോലും ഈ രീതിയില്‍ എത്തിച്ചു വരുന്നതാണ്. അച്ചപ്പം , മുറുക്ക് , കുഴലപ്പം , വട തുടങ്ങിയ പാക്കറ്റ് പലഹാരങ്ങളെല്ലാം ഭക്ഷണശാലകളില്‍ പുറത്തു നിന്നും എത്തിക്കുന്നവയാണ് . ബേക്കറികളില്‍ വില്‍ക്കപ്പെടുന്ന പലഹാരങ്ങളിലധികവും ഇങ്ങനെ എത്തിച്ചേരുന്ന വയാണ്. ഇവയുടെ നിര്‍മ്മാതക്കളേതെന്നോ എവിടെയാണ് നിര്‍മ്മിക്കുന്നതെന്നോ ആര്‍ക്കും അറിയില്ല. ബംഗാളികളും തമിഴ്‌നാട്ടുകാരുമാണ് ഇതിന്റെ ഉല്‍പാദകരിലധികവും. വൃത്തി ഹീനമായ സാഹചര്യത്തില്‍ വാടകക്കെടുക്കുന്ന പരിമിതമായ സ്ഥലങ്ങളിലാണ് ഇവയുടെ നിര്‍മ്മാണം . രുചിയും മണവും കിട്ടാന്‍ രാസവസ്തുക്കള്‍ ചേര്‍ത്തു വരുന്നു.
നിര്‍മ്മാണത്തിനായി മലിനജലം പോലും ഉപയോഗിച്ചു വരുന്നു. ഭക്ഷ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിച്ച് വിതരണം ചെയ്യാനുളള യാതൊരു വിധ ലൈസന്‍സുമില്ലാതെയാണ് ഇവയുടെ പ്രവര്‍ത്തനം. ചായകടകളില്‍ ഉപയോഗിച്ചു വരുന്ന തെയിലയും കാപ്പിപ്പൊടിയുമെല്ലാം വ്യാജ നിര്‍മ്മിതമാണ്. കടുപ്പവും നിറവും ലഭിക്കാന്‍ രാസവസ്തുക്കളും കശുവണ്ടിതോടും ഉപയോഗിച്ചു വരുന്നു. ബ്രാന്‍ഡഡ് അരിയില്‍ നിറവും തൂക്കവും ലഭിക്കാന്‍ മായം കലര്‍ത്തി വരുന്നു. റേഷന്‍ കടകളിലെ കുറഞ്ഞ വിലക്കുളള അരി ചുവന്ന അരിയായും ആന്ധ്രാ അരിയായും മാറ്റപ്പെടുന്നു. വിപണയില്‍ ലഭിക്കുന്ന വെളിച്ചെണ്ണയും ശര്‍ക്കയും കരുപ്പുകട്ടിയുമെല്ലാം മായം കല്‍ത്തിയവയാണ്. പലവ്യജ്ഞനങ്ങളിലെ പൊടി ഉല്‍പന്നങ്ങളെല്ലാം ഈ രീതിയിലുളളത്.
മഞ്ഞള്‍ പൊടിയിലും മുളകുപൊടിയിലുമാണ് ഏറ്റവുമധികം മായം കലരുന്നത്. ബേക്കറികളില്‍ വില്‍ക്കപ്പെടുന്ന പാനിയങ്ങളെല്ലാം മാരകമായ രാസവസ്തുക്കള്‍ ചേര്‍ക്കപ്പെട്ടവയാണ്. പച്ചക്കറികളിലെയും പഴവര്‍ഗ്ഗങ്ങളിലെയും വിഷം കലര്‍ത്തല്‍ പല ഘട്ടങ്ങളിലും വിവാദമായിട്ടുളളതാണ് . ചന്തകളില്‍ നിന്നും മല്‍സ്യ- മാസവില്‍പനകേന്ദ്രങ്ങളില്‍ നിന്നും വില്‍ക്കപ്പെടുന്ന ഇറച്ചിയും മീനുമെല്ലാം രാസവസ്തുക്കള്‍ ചേര്‍ത്തവയാണ്. ആഴ്ചകളോളം കേടുകൂടാതെയിരിക്കാനാണ് ഇവയില്‍ വിഷം കലര്‍ത്തുന്നത്. രോഗം പരത്തുന്ന മലിനജലം പോലും കുപ്പിവെളളമായി വിറ്റു വരുന്നു. മാരക രോഗങ്ങള്‍ സമൂഹത്തെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ്.
കാന്‍സറും കരള്‍രോഗങ്ങളും വൃക്കരോഗങ്ങളും പകര്‍ച്ചവ്യാധി പോലെ പടര്‍ന്നു പിടിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഇത്തരം രോഗങ്ങള്‍ വ്യാപകമാകുന്നതെന്നാണ് പഠന റിപ്പോര്‍ട്ടുകള്‍. പത്തു പേരില്‍ ഒരാള്‍ കാന്‍സര്‍ രോഗിയും 100 പേരില്‍10 പേര്‍ കരള്‍ രോഗിയുമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. മദ്യപാനം മൂല മുണ്ടാകുന്ന കരള്‍ രോഗത്തിന്റെ അത്ര തന്നെ യാണ് ഭക്ഷണം മൂലമുണ്ടാകുന്ന കരള്‍ രോഗങ്ങളും. വിദഗ്ധ ചികില്‍സ ലഭിക്കണമെങ്കില്‍ ഫൈവ് സ്റ്റാര്‍ ആശുപത്രികളെ ആശ്രയിക്കണം. ഇതിനു പണമില്ലാതെ വധിക്കു കീഴടങ്ങുകയാണ് പലരും ചികില്‍സ തേടുന്നവരാകട്ടെ കിടപ്പാടം പോലും നഷ്ടപ്പെട്ട് വഴിയാധാരമാവുകയും ചെയ്യുന്നു.
പൊതു സമൂഹത്തെയാകെ ഗുരുതരമായി ബാധിക്കുന്ന വിഷയമായിട്ടും ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. താലൂക്കു തോറും ഭക്ഷ്യസുരക്ഷാ ഓഫീസുകളുണ്ടെങ്കിലും ഒരു ചെറു വിരലനക്കുവാന്‍ പോലും അവര്‍ തയ്യാറാകുന്നില്ല. ആരെങ്കിലും പരാതിപ്പെട്ടാന്‍ പേരിനു മാത്രം ഒരന്വേഷണം. ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സ്ഥിതിയും ഇതു തന്നെ. പലരും മാസപ്പടി പറ്റുന്ന വരാണെന്നാണ് ജനസംസാരം. ഏറെ കഴിയും മുമ്പ് രോഗങ്ങളുടെ പറുദീസയായി ഇവിടം മാറുമെന്ന കാര്യത്തില്‍ സംശയമില്ല.