ഒറ്റപ്പാലം: കേരളത്തിന്റെ തൊഴില്‍മേഖല ഒന്നൊന്നായി കൈവശപ്പെടുത്തുന്ന ബംഗാളികള്‍ സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ലോട്ടറി വില്പനയ്ക്കും രംഗത്ത്. നിര്‍മാണ, ഹോട്ടല്‍ മേഖലകളിലെല്ലാം മുഖ്യതൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ ലോട്ടറി വില്പനയ്ക്കു മാത്രം ഇതുവരെ ഇറങ്ങിയിട്ടുണ്ടായിരുന്നില്ല. നിലവില്‍ ഈ മേഖലയില്‍ തദ്ദേശീയരും തമിഴ്നാട്ടുകാരും മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ബംഗാള്‍, ബീഹാര്‍ സ്വദേശികള്‍ കൂടി ഭാഗ്യവില്പനയുമായി ഇറങ്ങിയതോടെ ഈ രംഗത്തും ഇവര്‍ ചുവടുറപ്പിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.
നിര്‍മാണജോലിക്ക് ഇവിടെയെത്തിയ അന്യസംസ്ഥാനക്കാര്‍ക്ക് ഭാഗ്യംവരുന്ന വഴിതേടുന്ന മലയാളി മനസും ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കച്ചവടസാധ്യതയും ഇതിനകം തന്നെ തിരിച്ചറിയാനായി എന്നുകൂടി വേണം ലോട്ടറി വില്‍പനരംഗത്തേക്കുള്ള മേല്പറഞ്ഞവരുടെ കടന്നുകയറ്റത്തെ കണക്കാക്കാന്‍. നാട്ടിലുള്ള ലോട്ടറി വില്പനക്കാരില്നിന്നും വാങ്ങാത്തവര്പോലും കൗതുകപൂര്‍വം ഇവരില്‍നിന്നും ടിക്കറ്റ് വാങ്ങുന്നു. ഇതിനുപുറമേ സ്ത്രീകളും ടിക്കറ്റു വാങ്ങുന്നതു പതിവു കാഴ്ചയാണ്.
പ്രഭാതംമുതല്‍ പ്രദോഷംവരെ വെയിലും മഴയുമേറ്റ് അധികസമയം ജോലി ചെയ്താല്‍ ലഭിക്കുന്ന കൂലിയേക്കാള്‍ ലോട്ടറി വില്പന ലാഭകരമാണെന്ന തിരിച്ചറിവും പുതിയ തൊഴില്‍ മേഖലയിലേക്കുള്ള വരവിനു പിന്നിലുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ ലോട്ടറി വില്പനയ്ക്കെതിരേ ഇവിടുത്തുകാര്‍ ചെറുത്തുനില്പു തുടങ്ങുകയും ലോട്ടറി വില്പനയ്ക്കെതിരേ തിരിഞ്ഞിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ തടിനോക്കിയുള്ള കച്ചവടമാണ് മേല്പറഞ്ഞവര് നടത്തുന്നത്.