രാമങ്കരി: ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ അറസ്റ്റ് ചെയ്ത സൈനികനായ ഭര്‍ത്താവ് റിമാന്‍ഡില്‍. മങ്കൊമ്പ് തെക്കേകര പുല്‍പ്പോത്ര വീട്ടില്‍ കെ വിനോദ്‌മോന്‍(39) ആണ് റിമാന്‍ഡിലായത്. ഭാര്യ പ്രവിജ(30) നല്‍കിയ പരാതിയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം പുളിങ്കുന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു രാമങ്കരി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് റിമാന്‍ഡ് ചെയ്തത്. എട്ടുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.സൈനികന്‍ നാട്ടിലെത്തുമ്പോഴൊക്കെ തന്നെ മര്‍ദിക്കാറുണ്ടെന്ന് പ്രവിജ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഏഴ് വയസുകാരിയായ മകളെയും ഇയാള്‍ മര്‍ദിച്ചിരുന്നതായി പരാതിയിലുണ്ട്.
ഉത്തരാഖണ്ഡില്‍ ജോലി നോക്കുന്ന വിനോദ് അവധിക്ക് വരുമ്പോഴക്കെ ഭര്‍ത്തൃമാതാവും സഹോദരിമാരും ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നെന്നാണ് കേസ്. കഴിഞ്ഞദിവസമുണ്ടായ മര്‍ദനത്തില്‍ കൊഴവിക്കല്ല് കൊണ്ടുള്ള ഇടിയില്‍ കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ പ്രവീജയെ ആദ്യം പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിക്കും വനിതാ കമ്മീഷനും പ്രവിജ പരാതി നല്‍കിയിട്ടുണ്ട്.