ഭൂരഹിതര്‍ പണമടച്ച് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും ഭൂമി ലഭിച്ചില്ലെന്നു പരാതി

PKD-PATTAYUAMവടക്കഞ്ചേരി: ഭൂരഹിതരായവര്‍ ഭൂമിക്കായി പണമടച്ച് കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും വാഗ്ദത്തഭൂമി ലഭിച്ചില്ലെന്ന് പരാതി. കിഴക്കഞ്ചേരി രണ്ട്, മംഗലംഡാം എന്നീ വില്ലേജ് പരിധിയിലുള്ള 180 പേരാണ് ഭൂമിക്കായി കാത്തിരിപ്പു തുടരുന്നത്.
ഭൂമിക്കായി ഫോറം 18 പ്രകാരം 1988-ല്‍ ക്രയവിലയായി 300 രൂപാവീതവും അതത് വില്ലേജ് ഓഫീസുകളില്‍ അടച്ചിരുന്നതായി അപേക്ഷകര്‍ പറയുന്നു. പണം അടച്ചതിന്റെ രേഖകളും പിന്നീട് ഒരേക്കര്‍ വീതം ഭൂമി നല്കുമെന്ന് കാണിച്ചുള്ള കളക്ടറുടെ ഓഫീസില്‍നിന്നുള്ള കത്തും അപേക്ഷകരുടെ പക്കലുണ്ട്.മംഗലംഡാം വില്ലേജില്‍ 561/3 സര്‍വേ നമ്പറില്‍ മിച്ചഭൂമിയായി ഏറ്റെടുത്ത ഭൂമി അപേക്ഷകര്‍ക്കു വിതരണം ചെയ്യുമെന്നായിരുന്നു പറഞ്ഞിരുന്നത്.

എന്നാല്‍ ഭൂമി ലഭിക്കാത്തതിനെ തുടര്‍ന്ന് വില്ലേജില്‍ അന്വേഷിച്ചപ്പോള്‍ ഭൂമിയുടെ പേരില്‍ കോടതിയില്‍നിന്നും സ്‌റ്റേ ഉണ്ടെന്നും അത് നീങ്ങുന്ന മുറയ്ക്ക് ഭൂമി നല്കുമെന്നുമായിരുന്നു ഉറപ്പുനല്കിയിരുന്നത്. പിന്നീട് തുടര്‍നടപടികളുണ്ടായില്ലെന്ന് അപേക്ഷകര്‍ പറഞ്ഞു.ഭൂമിക്കായി വായ്പ വാങ്ങിയും സ്വര്‍ണം പണയപ്പെടുത്തിയും ആടിനെവിറ്റും പണമടച്ചവര്‍ക്ക് പണവും നഷ്ടപ്പെട്ടു. ഭൂമിയും ഇല്ലെന്ന സ്ഥിതിയിലായി. ഇത്രയുംവര്‍ഷത്തെ പലിശസഹിതം അടച്ച പണമെങ്കിലും തിരിച്ചു കിട്ടിയിരുന്നുവെങ്കില്‍ ആശ്വാസമാകുമായിരുന്നെന്ന നിലപാടിലാണ് പല അപേക്ഷകരും. 25 വര്‍ഷംമുമ്പ് മുന്നൂറുരൂപയ്ക്ക് നല്ല മൂല്യമുണ്ടായിരുന്നെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ഷങ്ങളേറെ കടന്നുപോയതിനാല്‍ അപേക്ഷകര്‍ പലരും മരണപ്പെടുകയും ചെയ്തിട്ടുണ്ട്. കിഴക്കഞ്ചേരി രണ്ട് വില്ലേജില്‍പ്പെട്ട കൊറ്റംകോട്, തച്ചക്കോട്, എളവമ്പാടം, മംഗലംഡാമിലെ കടപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെ ഭൂരഹിതരാണ് ഭൂമിക്കായി പണമടച്ച് കാത്തിരിക്കുന്നത്.ഭൂമി നല്കുന്നതു സംബന്ധിച്ചുള്ള പുതിയ നടപടികളെക്കുറിച്ച് അപേക്ഷകര്‍ക്ക് വിവരം നല്കണമെന്നാണ് കടപ്പാറ കുഴിമഠത്തില്‍ വിലാസിനി വേലു, കൊച്ചാത്തിരി തങ്ക കുഞ്ഞയ്യപ്പന്‍, കൊറ്റംകോട് മധു കൃഷ്ണന്‍ എന്നിവരും ആവശ്യപ്പെടുന്നത്.

Related posts