ഒറ്റപ്പാലം: ഭൂരേഖകള്‍ ഡിജിറ്റലാകുന്നു. ഭൂനികുതിയും പോക്കുവരവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതോടുകൂടി ഓണ്‍ലൈനാകും. ജില്ലയിലെ വിവിധ വില്ലേജുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിനാവശ്യമായ നടപടി അനുവര്‍ത്തിച്ച പദ്ധതിയാണ് മറ്റിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. സോഫ്്റ്റ് വെയര്‍ തയാറാക്കുകയും ജില്ലയിലെ 36 വില്ലേജുകളില്‍ പൈലറ്റ് ചെയ്യുകയും ചെയ്തശേഷമാണ് ഇത് ഇതര ജില്ലകളിലേക്കു കൂടി വ്യാപിപ്പിക്കുന്നത്.
പാലക്കാട്ടെ ജീവനക്കാര്‍ താത്പര്യമെടുത്തു തയാറാക്കിയ നാള്‍വഴി സോഫ്റ്റ് വെയറും പോക്കുവരവ് സോഫ്്റ്റ് വെയറും നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തയാറാക്കിയ സോഫ്റ്റ് വെയറുമായി സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് 2001-ല്‍ തുടങ്ങുകയും വിവിധ ഘട്ടങ്ങളിലായി പല കാരണത്താലും മുടങ്ങുകയും ചെയ്ത പദ്ധതിയാണിത്. ഇതു നടപ്പിലാകുന്നതോടെ കരമൊടുക്കിയ നികുതി രസീതുകള്‍ എന്ന പേരില്‍ ലഭിക്കുന്ന ചെറിയ പേപ്പര്‍ രേഖകള്‍ ഇല്ലാതാകും. ബ്രിട്ടീഷ് ഭരണത്തിനുശേഷം ഇന്നു കാണുന്ന പേപ്പര്‍ മാതൃകയിലുള്ള നികുതി രസീതിയാണ് ലഭിക്കുന്നത്. ഡിജിറ്റര്‍ ഒപ്പോടുകൂടിയ നികുതി രസീത് നടപ്പിലാക്കാനുള്ള ആലോചനയാണ് ആദ്യമുണ്ടായത്.
എന്നാല്‍ ഇതുമാറ്റി ബാര്‍കോഡുള്ള നികുതി രസീതി നല്കുന്ന രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. വ്യാജഭൂനികുതി ഉണ്ടാക്കി നടത്തുന്ന തട്ടിപ്പുകള്‍ക്കും ഇതോടെ വിരാമമാകും. വില്ലേജ് ഓഫീസുകളില്‍ ആളില്ലെങ്കിലും അവധി ദിവസങ്ങളിലുമെല്ലാം ഇക്കാര്യം നടക്കുമെന്നുള്ളതും ജനങ്ങളെ സംബന്ധിച്ച് ഉപകാരപ്രദമാണ്. ഇപ്പോള്‍ വര്‍ഷത്തില്‍ രണ്ടുതവണയാണ് വില്ലേജുകളില്‍ നികുതി അടച്ചുനല്കുന്നത്. നികുതി രസീതുകള്‍ക്ക് ഇന്നത്തെ സാഹചര്യത്തില്‍ വളരെ ഉയര്‍ന്ന മൂല്യമാണുള്ളത്. ഇതുകൊണ്ടുതന്നെ ഇവ വില്ലേജുകളില്‍നിന്നും മോഷണം പോകുന്ന സാഹചര്യവുമുണ്ട്. ഇതിനു പുറമേയാണ് വ്യാജമായി സീലുകള്‍ അടിക്കുന്ന സ്ഥിതിവിശേഷം കുടിയുള്ളത്. പുതിയ സാഹചര്യത്തില്‍ ഇതിനെല്ലാം പരിഹാരമാകുമെന്ന കാര്യം ഉറപ്പാണ്.