മട്ടന്നൂര്‍ നഗരസഭയില്‍ എല്ലാ വീടുകളിലും ശൗചാലയം

ktm-toiletമട്ടന്നൂര്‍: എല്ലാം വീടുകളിലും ശൗചാലയം നിര്‍മിച്ച് നല്‍കി മട്ടന്നൂര്‍ നഗരസഭ മാതൃകയാവുന്നു. കേന്ദ്രസര്‍ക്കാരിന്റെ സ്വഛ് ഭാരതമിഷന്റേയും കേരള സര്‍ക്കാരിന്റെ ഓപ്പണ്‍ എയര്‍ ഡിഫിക്കേഷന്‍ ഫ്രീ (ഒഡിഎഫ്) എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയിലെ 34 വാര്‍ഡുകളില്‍ നിന്നായി തെരഞ്ഞെടുത്ത 83 കുടുംബങ്ങള്‍ക്കാണ് സര്‍ക്കാര്‍ സഹായത്തോടെ ശൗചാലയം നിര്‍മിച്ചുനല്‍കുന്നത്. ഓരോ വീടുകളിലും ശൗചാലയം നിര്‍മിക്കുന്നതിന് 15,000 രൂപ വീതമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

അടുത്ത മാസം 15ഓടെ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ നഗരസഭ ഓഫീസില്‍ ചേര്‍ന്ന ഉപഭോക്താക്കളുടെ യോഗത്തില്‍ തീരുമാനമായി. ഇതോടെ തുറന്ന സ്ഥലങ്ങളില്‍ മലമൂത്ര വിസര്‍ജനമില്ലാത്ത ജില്ലയിലെ നഗരസഭയായി മട്ടന്നൂര്‍ മാറും. ഇതിന്റെ പ്രഖ്യാപനം സെപ്തംബറില്‍ നടക്കും. യോഗത്തില്‍ ചെയര്‍മാന്‍ കെ. ഭാസ്കരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. സുരേശന്‍, വി.എന്‍. സത്യേന്ദ്രനാഥ്, പി. സത്യകുമാര്‍, പി.പി. രാജശേഖരന്‍, ഷാഹിന സത്യന്‍, കെ. സുഷമ, കെ.ആര്‍. രാധിക, പി.വി. ധനലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts