പുതുക്കാട് : മണ്ണുത്തി- ഇടപ്പള്ളി ദേശീയപാതയില്‍ ടോള്‍ കമ്പനി കണക്കിലധികം പിരിച്ച ടോള്‍തുക തിരിച്ചടയ്ക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി. അങ്കമാലി മുതല്‍ ഇടപ്പള്ളി വരെയുള്ള 25.3 കി.മീറ്റര്‍ റോഡ് അറ്റകുറ്റപ്പണി ചെയ്യുന്നത് മെട്രോ റെയില്‍ നിര്‍മാതാക്കളായ ഡിഎംആര്‍സി കമ്പനിയാണ്. എന്നാല്‍ മണ്ണുത്തി മുതല്‍ ഇടപ്പള്ളിവരെയുള്ള ടോള്‍ ഇനത്തില്‍ വന്‍തുക ടോള്‍ കമ്പനി ഈടാക്കുന്നുണ്ടെന്നും ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ജോസഫ് ടാജറ്റ് പറഞ്ഞു.
ദേശീയ പാതയില്‍ ടോള്‍ കമ്പനി നടത്തുന്ന കരാര്‍ ലംഘന ത്തിനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ണടക്കുകയാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ ടോള്‍ വിഷയത്തില്‍ ബിജെപിയും സിപി എമ്മും ഉന്നയിച്ച പ്രശ്‌നങ്ങള്‍ ഇപ്പോഴും അതേപടി നിലനില്‍ക്കുക യാണ്. എംപിയും എംഎല്‍എയും തുടരുന്ന മൗനം ദുരൂഹത യുണ്ടാ ക്കുന്നതാണെന്നും നേതാക്കള്‍ പറഞ്ഞു.
ഈ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. സമാന്തരപാത അടച്ചതുള്‍പ്പെടെയുള്ള കരാര്‍ ലംഘനത്തിനെതിരേ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ഗോപാലകൃഷ്ണന്‍, ഡേവിസ് അക്കര, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഷെന്നി ആന്റോ പനോക്കാരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.